ബ്രസീലിനും പരിക്ക് തലവേദനയാവുന്നു; ഗബ്രിയേല്‍ ജീസസിന് ബാക്കി മത്സരങ്ങൾ നഷ്‌ടമാവും

December 3, 2022

താരങ്ങളുടെ പരിക്ക് ലോകകപ്പിനെത്തിയ ടീമുകൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ ബ്രസീലാണ് പരിക്കിന്റെ കാര്യത്തിൽ തിരിച്ചടി കിട്ടിയ മറ്റൊരു ടീം. വെള്ളിയാഴ്ച കാമറൂണിനെതിരായി നടന്ന മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ ഗബ്രിയേല്‍ ജീസസിന് കളിക്കാനാകില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ജീസസിന്റെ വലതുകാല്‍മുട്ടിനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. പരിക്കിന് പിന്നാലെ ജീസസിന്റെ കാലിന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു. നേരത്തെ കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നെയ്മര്‍ക്കും ഗ്രൂപ്പ് ജിയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല.

അതേ സമയം ഇന്ന് രണ്ടാം പ്രീ-ക്വാർട്ടർ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അർജന്റീനയ്ക്ക് നേരത്തെ തന്നെ പരിക്ക് വലിയ തിരിച്ചടിയായിരുന്നു. ടീമിന്റെ അന്തിമ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഏയ്ഞ്ചല്‍ ഡി മരിയ കളിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഏയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. താരം കളിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഡി മരിയയുടെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു. രാത്രി 12.30 നാണ് അർജന്റീന-ഓസ്ട്രേലിയ പ്രീ-ക്വാർട്ടർ പോരാട്ടം. പോളണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീ-ക്വാർട്ടറിലെത്തിയത്‌. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

Story Highlights: Gabriel jesus injury