മത്സരത്തിന് ശേഷം മെസിയുടെ ചെവിയിൽ പറഞ്ഞ രഹസ്യമെന്ത്; തുറന്ന് പറഞ്ഞ് പോളണ്ട് താരം ലെവന്‍ഡോവ്സ്കി

December 3, 2022

പോളണ്ടിനെതിരെയുള്ള മത്സരത്തിന് ശേഷം കൈ കൊടുക്കുന്നതിനിടയിൽ മെസിയും പോളണ്ട് താരം ലെവന്‍ഡോവ്സ്കിയും പരസ്‌പരം ഒരു രഹസ്യ സംഭാഷണം നടത്തിയിരുന്നു. എന്തായിരിക്കും ഇരു താരങ്ങളും തമ്മിൽ പറഞ്ഞതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഫുട്‌ബോൾ പ്രേമികൾ. നേരത്തെ മത്സരത്തിൽ മെസിക്കെതിരെ ഫൗൾ ചെയ്‌തതിന് ശേഷം ലെവന്‍ഡോവ്സ്കി താരത്തിന് കൈ കൊടുക്കാൻ പോയതും മെസി അത് കണ്ടില്ലെന്ന് നടിച്ചതുമൊക്കെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. അതിനാൽ തന്നെ ഇതിനെ പറ്റി എന്തെങ്കിലും ആയിരിക്കാം ഇരുവരും സംസാരിച്ചതെന്ന് ഊഹിക്കുകയായിരുന്നു ആരാധകർ.

എന്നാലിപ്പോൾ ആ രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ലെവന്‍ഡോവ്സ്കി. താങ്കള്‍ പതിവില്‍ കൂടുതൽ പ്രതിരോധത്തിലൂന്നി കളിച്ചുവെന്നാണ് താൻ മെസിയോട് പറഞ്ഞതെന്ന് ലെവൻഡോവ്സ്കി പറഞ്ഞു. ചിലപ്പോഴൊക്കെ ടീമിനുവേണ്ടി അങ്ങനെ കളിക്കേണ്ടിവരുമെന്നായിരുന്നു മെസിയുടെ മറുപടിയെന്നും താരം വെളിപ്പെടുത്തി. മെസിയെ ഫൗള്‍ ചെയ്യേണ്ടിവന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും പക്ഷെ ടീമിനുവേണ്ടി തനിക്കത് ചെയ്യേണ്ടിവരുമെന്നും ലെവന്‍ഡോവ്സ്കി കൂട്ടിച്ചേർത്തു.

Read More: മെസിക്ക് പെനാൽറ്റിയിൽ പിഴയ്ക്കുന്നത് എന്തുകൊണ്ട്; സ്പാനിഷ് എഴുത്തുകാരൻ്റെ നിരീക്ഷണം വീണ്ടും ശ്രദ്ധേയമാവുന്നു

അതേ സമയം പോളണ്ടിനെതിരെ തകർപ്പൻ വിജയമാണ് അർജന്റീന നേടിയത്. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം. എന്നാൽ മത്സരത്തിലെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയിരുന്നു. മെസിയുടെ ദുർബലമായ കിക്ക് ഇടതുവശത്തേക്ക് ചാടി പോളിഷ് ഗോളി വോയ്റ്റിക് ഷ്റ്റെൻസ്നേ രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ ലോകകപ്പുകളിൽ രണ്ട് പെനാൽറ്റികൾ പാഴാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മെസി സ്ഥാപിച്ചു.

Story Highlights: Messi and Lewandowski secret