1000 മത്സരങ്ങൾ പൂർത്തിയാക്കാൻ മെസി ഇന്നിറങ്ങുന്നു; പ്രീ-ക്വാർട്ടർ മത്സരത്തിൽ എതിരാളികൾ ഓസ്‌ട്രേലിയ

December 3, 2022

ഇതിഹാസ താരം ലയണൽ മെസി പ്രൊഫഷണൽ ഫുട്‌ബോളിൽ ഇന്ന് 1000 മത്സരങ്ങൾ പൂർത്തിയാക്കുകയാണ്. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്നത്തെ പ്രീ-ക്വാർട്ടർ മത്സരത്തിന് താരം ഇറങ്ങുന്നതോടെയാണ് ചരിത്ര മുഹൂർത്തം പിറക്കുന്നത്.

രാത്രി 12.30 നാണ് അർജന്റീന-ഓസ്ട്രേലിയ പ്രീ-ക്വാർട്ടർ പോരാട്ടം. പോളണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീ-ക്വാർട്ടറിലെത്തിയത്‌. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

അതേ സമയം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നായകൻ ലയണൽ മെസി നേരത്തെ സൂചിപ്പിച്ചിരുന്നു. ലോകകപ്പിന് മുൻപ് ഒരു ചാനൽ ഇന്റർവ്യൂവിൽ ഇത് സംബന്ധിച്ച് മെസി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. “ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.

Story Highlights: Messi to play his 1000th international match