ഡെലിഗേറ്റ്സിനൊപ്പം ചുവടുവച്ച് ശശി തരൂർ; ഐഎഫ്എഫ്എകെ വേദിയിൽ നിന്നുള്ള രസകരമായ കാഴ്ച്ച

December 11, 2022

തലസ്ഥാന നഗരി ചലച്ചിതോത്സവത്തിന്റെ ലഹരിയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കൊവിഡുമൊക്കെ ഏറെ വെല്ലുവിളികൾ നൽകിയ കേരള രാജ്യാന്തര ചലച്ചിത്ര മേള എല്ലാ പ്രൗഢിയോടും കൂടിയാണ് ഇത്തവണ കോടിയേറിയിരിക്കുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. ‘ടോറി ആൻഡ് ലോകിത’ എന്ന ബെൽജിയൻ ചിത്രമായിരുന്നു ഇത്തവണത്തെ മേളയുടെ ഉദ്ഘാടന ചിത്രം.

ഇപ്പോൾ ചലച്ചിതോത്സവ വേദിയിൽ നിന്നുള്ള രസകരമായ ഒരു കാഴ്‌ച്ചയാണ് ശ്രദ്ധേയമാവുന്നത്. രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കിയ മ്യൂസിക് ബാൻഡിനൊപ്പം ശശി തരൂർ എംപി ചുവട് വെയ്ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ഡെലിഗേറ്റ്സിനൊപ്പം ശശി തരൂർ എം പിയും എത്തി. തമിഴ്– മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്.

ഉദ്‌ഘാടന ദിനം പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരിക്ക് ശേഷമായിരുന്നു ടോറി ആൻഡ് ലോകിതയുടെ പ്രദർശനം. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ചിത്രം ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു ഇത്.

Read More: അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജ്- ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സിനിമക്ക് തുടക്കമായി

അതേ സമയം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ വേൾഡ് പ്രീമിയർ ഐഎഫ്എഫ്കെയിൽ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡിസംബർ 12 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. തുടർന്ന് 13, 14 തീയതികളിൽ ഏരീസ് പ്ളെക്സ്, അജന്ത തിയേറ്റർ എന്നിവടങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്. ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലാണ് ഐഎഫ്എഫ്കെ നടക്കുന്നത്.

Story Highlights: Shashi tharoor dances with delegates at iffk