ആഡംബരത്തിനും മേലെ; റൊണാൾഡോയുടെ സൗദിയിലെ വസതിയുടെ മാസവാടക രണ്ടര കോടിക്കും മുകളിൽ

January 9, 2023

ലോകകപ്പ് നേടാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദിയിലാണ് പന്ത് തട്ടുന്നത്. വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ് അല്‍- നസ്ര്‍ എഫ്‌സി താരത്തിനായി ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ടീമിന്റെ ഹോം ഗ്രൗണ്ടായ മ്‌റസൂല്‍ പാര്‍ക്കില്‍ താരത്തെ കാണാനായി എത്തിയത്. ടീമിന്റെ ജേഴ്‌സിയിൽ കുടുംബത്തോടൊപ്പം ഗ്രൗണ്ടിലെത്തിയ താരം രാത്രി നടന്ന പരിശീലന സെഷനിലും പങ്കെടുത്തു.

ഇപ്പോൾ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തിന്റെ വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 300,000 ഡോളറാണ് താരത്തിന്റെ വസതിയുടെ പ്രതിമാസ വാടക. ഏകദേശം രണ്ടര കോടിയോളം വരുമിത്. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളിയും മക്കളും റൊണാൾഡോയ്‌ക്കൊപ്പമുണ്ട്.

അതേ സമയം നേരത്തെ സൗദിയിലെ ആരാധകരെ അഭിവാദ്യം ചെയ്‌ത്‌ റൊണാൾഡോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. യൂറോപ്പിലെ തന്റെ ദൗത്യം പൂർത്തിയായിയെന്നും ഇനി ഏഷ്യയാണ് തട്ടകമെന്നുമാണ് താരം പറഞ്ഞത്. ടീമിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് പറഞ്ഞ താരം ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്‌തു.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുടെ കരാർ. ജനുവരി 21 ന് മ്‌റസൂല്‍ പാര്‍ക്കില്‍ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്‌ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന. 2030 ൽ ലോകകപ്പിന് വേദിയാവാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവ് ഈ ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നാണ് സൗദി കരുതുന്നത്.

Story Highlights: Cristiano ronaldo luxurious hotel suite in saudi