ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ എട്ടാം വിജയം; ജംഷഡ്പൂരിനെ തകർത്തെറിഞ്ഞത് സ്വന്തം തട്ടകത്തിൽ

January 3, 2023

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ വിജയത്തേരോട്ടം തുടരുകയാണ്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി.

ഐഎസ്എല്ലിൽ തുടർച്ചയായ എട്ടാം വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയിരിക്കുന്നത്. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിൽ. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനനുവദിക്കാതെ ജംഷഡ്പൂർ പതിനേഴാം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.

പിന്നീട് മുപ്പത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ അറുപത്തിയഞ്ചാം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാമതെത്തി.

Read More: “ഡീഗോ ഇപ്പോൾ ചിരിക്കുന്നുണ്ടാവും..”; പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് നൊമ്പരമാവുന്നു

അതേ സമയം കഴിഞ്ഞ സീസണിൽ സെമിഫൈനലിൽ ജംഷഡ്പൂരിനെ വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിച്ചത്. കളിപ്രേമികളെ ആവേശത്തിലാക്കിയ ഒരു മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സും ജംഷഡ്‌പൂരും തമ്മിൽ നടന്നത്.

Story Highlights: Kerala blasters beat jamshedpur fc