ഈ മനുഷ്യനെ എങ്ങനെ പ്രണയിക്കാതിരിക്കും?- സ്വപ്ന നായകനെ കണ്ട സന്തോഷം പങ്കുവെച്ച് ഖുശ്‌ബു

January 30, 2023

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമയിൽ പുതിയ സൗഹൃദങ്ങൾ കണ്ടെത്തുവാനും ഖുശ്‌ബു ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ, അരവിന്ദ് സ്വാമിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.

‘ഈ മനുഷ്യനെ എങ്ങനെ പ്രണയിക്കാതിരിക്കും? എന്റെ സ്വപ്ന നായകൻ’ എന്ന ക്യാപ്ഷനൊപ്പമാണ് ഖുശ്‌ബു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തമിഴകത്തിന്റെയും മലയാളത്തിന്റെയും മനംകവർന്ന നായകനായിരുന്നു അരവിന്ദ് സ്വാമി. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രണയനായകൻ എന്ന പ്രിയം നേടിയ നടൻ അടുത്തിടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയത്.

അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ സിനിമാതിരക്കിൽ നിന്നും ഇടവേളയെടുത്ത് സൗന്ദര്യ സംരക്ഷണത്തിനായി സമയം മാറ്റിവെച്ചിരുന്നു നടി. പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, അടുത്തിടെ കണ്ണിന് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് സമൂഹമാധ്യങ്ങളിൽ നിന്നും കുറച്ചുനാൾ നടി ഇടവേള എടുത്തിരുന്നു.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു.

രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- khushbu about aravind swami