“പൃഥ്വി സാറിന് എല്ലാം അറിയാം..”; ലോകേഷ് കനകരാജിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നു-വിഡിയോ

January 27, 2023

മലയാള സിനിമയുടെ അഭിമാന താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു പക്ഷെ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഇന്ന് ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള മലയാള സിനിമ താരം കൂടിയാണ് അദ്ദേഹം. മലയാളത്തിനപ്പുറം മറ്റ് ഭാഷ സിനിമകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിലെ പ്രമുഖ സിനിമ പ്രവർത്തകരുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്.

‘കാപ്പ’ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ പരിപാടികളിൽ പൃഥ്വിരാജ് പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. കമൽ ഹാസന്റെ വിക്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജിന്റെ ഇനി വരാനിരിക്കുന്ന പല ചിത്രങ്ങളുടെയും കഥ തനിക്കറിയാമെന്നാണ് താരം പറഞ്ഞത്. ലോകേഷ് കഥകളൊക്കെ തന്നോട് പങ്കുവെയ്ക്കാറുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തിരുന്നു.പൃഥ്വിയുടെ ഈ പരാമർശം പിന്നീട് നിരവധി ട്രോളുകളിലേക്കും മറ്റും നയിച്ചിരുന്നു.

എന്നാൽ പൃഥ്വിരാജിന്റെ പരാമർശം ശരി വെയ്ക്കുന്ന രീതിയിലാണ് ലോകേഷ് ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. താൻ പൃഥ്വിരാജിനൊപ്പം ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും പറഞ്ഞ ലോകേഷ് ആ സമയത്ത് തന്നെ തന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റി അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.

Read More: പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ!- സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പം കുടുംബസമേതം പൃഥ്വിരാജ്

അതേ സമയം വലിയ വിജയമാണ് ‘കാപ്പ’ നേടിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി പൃഥ്വിരാജ് ചിത്രം മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ജൂലൈ 15 നാണ്. ഡിസംബർ 22 നാണ് ‘കാപ്പ’ തിയേറ്ററുകളിലെത്തിയത്.

Story Highlights: Lokesh kanakaraj about prithviraj