“എം.ജി സാറിന് വട്ടായോ..”; വേദിയിൽ പൊട്ടിച്ചിരി പടർത്തി വാക്കുട്ടിയും ബാബുക്കുട്ടനും

January 14, 2023

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൊച്ചു ഗായകരാണ് ജഡ്‌ജസ് സ്നേഹത്തോടെ ബാബുക്കുട്ടനെന്നും വാക്കുട്ടിയെന്നും വിളിക്കുന്ന ആവിർഭവും മേതികയും. ഈ കുഞ്ഞു ഗായകരുടെ കളി ചിരിയും വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. ഇപ്പോൾ വീണ്ടും വേദിയെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഇരുവരും.

ഒരുമിച്ച് ഒരു ഗാനം ആലപിക്കാനാണ് രണ്ട് പേരും വേദിയിലെത്തിയത്. ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലെ “അപ്പുക്കുട്ടാ തൊപ്പിക്കാരാ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് വാക്കുട്ടിയും ബാബുക്കുട്ടനും വേദിയിലെത്തിയത്. ബേണി ഇഗ്‌നേഷ്യസ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. എം. ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ട് പാടുന്നതിന് മുൻപാണ് എം.ജി ശ്രീകുമാറും ഈ കുഞ്ഞു ഗായകരും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്. വാക്കുട്ടിയുടെയും ബാബുക്കുട്ടന്റെയും വേദിക്ക് പുറത്തുള്ള രസകരമായ ഒരു വിഡിയോ എം. ജി ശ്രീകുമാർ വേദിയിൽ സർപ്രൈസായി കാണിക്കുകയായിരുന്നു. പ്രേക്ഷകർക്കും വിധികർത്താക്കൾക്കും അതീവ രസകരമായ നിമിഷങ്ങളായി മാറുകയായിരുന്നു ഇത്.

Read More: ‘കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴുന്ന പെണ്ണാള്..’- ഹൃദ്യമായി പാടി ലയനക്കുട്ടി

അതേ സമയം കഴിഞ്ഞ ദിവസം അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ചതിന് ശേഷം മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: M.g sreekumar funny conversation with babukuttan and vakkutty