സിനിമ സ്വപ്നം കാണുന്നവർക്ക്; ഗോള്‍ഡന്‍ ഗ്ലോബ് നേടിയ സ്പിൽബര്‍ഗിന്റെ ‘ദ ഫേബിള്‍മാന്‍സ്’ ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു
ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിൽ രണ്ട് പുരസ്ക്കാരങ്ങളാണ് സ്പിൽബര്‍ഗ് സംവിധാനം ചെയ്ത ‘ദ ഫേബിള്‍മാന്‍സ്’ നേടിയത്. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി ‘ദ ഫേബിള്‍മാന്‍സ്’ മാറിയപ്പോൾ സ്റ്റീവൻ സ്പിൽബര്‍ഗ് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കുകയായിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകരിലൊരാളായ സ്പിൽബെർഗിനെ തേടി വർഷങ്ങൾക്ക് ശേഷമാണ് അർഹിക്കുന്ന മറ്റൊരു അംഗീകാരം എത്തിയത്.
സ്വന്തം ബാല്യ-കൗമാരകാല ജീവിതത്തെ ആസ്പദമാക്കിയാണ് സ്പിൽബര്‍ഗ് ‘ദ ഫേബിള്‍മാന്‍സ്’ ഒരുക്കിയത്. സെപ്റ്റംബർ 22 ന് ടൊറോന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്റെ യുഎസ് റിലീസ് നവംബര്‍ 11 ന് ആയിരുന്നു. ഫെബ്രുവരി 10 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
വളരെ മികച്ച പ്രതികരണമാണ് റിലീസ് ചെയ്തപ്പോൾ മുതൽ ചിത്രം നേടിയത്. സിനിമ എന്ന കലാരൂപത്തിനുള്ള ഒരു സമർപ്പണം കൂടിയായിരുന്നു ‘ദ ഫേബിള്‍മാന്‍സ്.’ ജീവിതത്തിൽ ഒറ്റപ്പെട്ട് പോവുന്ന, പ്രതിസന്ധികൾ നേരിടുന്ന മനുഷ്യർക്ക് സിനിമകൾ എങ്ങനെ അതിജീവനത്തിന്റെ വഴികൾ തെളിക്കുന്നു എന്ന് വരച്ചു കാട്ടുകയാണ് ചിത്രം. സ്വന്തം കുട്ടിക്കാലത്തും കൗമാര കാലത്തും കുടുംബത്തിലും ചുറ്റുപാടിലും നേരിട്ട പല പ്രതിസന്ധികളെയും സിനിമകൾ കണ്ടും തന്റേതായ കുഞ്ഞ് സിനിമകൾ നിർമ്മിച്ചുമാണ് സ്പിൽബെർഗ് അതിജീവിച്ചത്. പല അഭിമുഖങ്ങളിലും ഇതിനെ പറ്റി അദ്ദേഹം മനസ്സ് തുറന്നിട്ടുമുണ്ട്.സ്പിൽബെർഗിന്റെ ഈ അനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കരമാണ് ‘ദ ഫേബിള്‍മാന്‍സ്.’
Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം
അതേ സമയം ആർആർആറിലെ “നാട്ടു നാട്ടു” എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം സ്വന്തമാക്കി. ചിത്രത്തിന് സംഗീതം നൽകിയ എം.എം കീരവാണി പുരസ്ക്കാരം ഏറ്റുവാങ്ങി. ഗാനത്തിന് ലഭിച്ച പുരസ്ക്കാരം മുഴുവൻ ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാൻ കഴിയുന്ന നേട്ടമായി മാറിയിരിക്കുകയാണ്. ബാഹുബലി അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ആളാണ് കീരവാണി. എന്നാൽ ആർആർആറിന് നാമനിർദേശം ഉണ്ടായിരുന്ന മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രത്തിന്റെ വിഭാഗത്തിൽ ‘അര്‍ജന്റീന 1985’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
Story Highlights: The fabelmans releasing in india