800 കോടി ആസ്തിയുള്ള പൈതൃക സ്വത്തായ കൊട്ടാരം നഷ്ടമായി; തിരികെ നേടാൻ സെയ്ഫ് അലി ഖാൻ നടത്തിയ പോരാട്ടം..

February 1, 2023

ബോളിവുഡിലെ ഏറ്റവും പ്രസിദ്ധമായ താര രാജ കൊട്ടാരമാണ് പട്ടൗഡി പാലസ്. സെയ്ഫ് അലി ഖാന്റെ പൈതൃക സ്വത്താണ് ആ കൊട്ടാരം. ഹരിയാനയിലെ ഗുഡ്ഗാവിൽ പത്തേക്കർ വളപ്പിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരവും, അതിഗംഭീരവുമാണ് ഈ കൊട്ടാരം. തന്റെ പൈതൃക സ്വത്താണെങ്കിലും പട്ടൗഡി പാലസ് തലമുറകളായി കൈമാറി ലഭിച്ചതല്ലെന്നു സെയ്ഫ് അലി ഖാൻ ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു.

പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നാണ് സെയ്ഫ് അറിയപ്പെടുന്നത്. കാലങ്ങൾക്കു മുൻപ് കൈമോശം വന്നു നഷ്‌ടമായ പാലസ് കഠിനാധ്വാനത്തിലൂടെയാണ് സെയ്ഫ് അലി ഖാൻ തിരികെ സ്വന്തമാക്കിയത്. അതിനു പിന്നിൽ കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും ഒരു കാലമുണ്ട്.

പട്ടൗഡി കുടുംബത്തിലെ എട്ടാമത്തെ നവാബ് ആയിരുന്ന സെയ്ഫ് അലി ഖാന്റെ മുത്തച്ഛന്‍ ഇഫ്തിക്കർ അലി ഖാൻ പണികഴിപ്പിച്ച കൊട്ടാരമാണ് പട്ടൗഡി പാലസ്. 1900 ലാണ് ഈ പാലസ് നിർമ്മിക്കുന്നത്. എന്നാൽ 2005 മുതൽ 2014 വരെയുള്ള കാലയളവിൽ ഈ കൊട്ടാരം ഒരു ലക്ഷ്വറി ഹോട്ടൽ ഗ്രൂപ്പായ നിർവാണ പാട്ടത്തിനു എടുത്തു നടത്തുകയായിരുന്നു.

ഇത്രയും വിലപിടിച്ച പൈതൃക സ്വത്ത് കൈമോശം വരുത്തരുതെന്ന ചിന്ത മുൻപ് തന്നെ സെയ്ഫ് അലി ഖാന് ഉണ്ടായിരുന്നു. സിനിമയിൽ നിന്നും സമ്പാദിച്ച തുക ഉപയോഗിച്ചാണ് സെയ്ഫ് കൊട്ടാരം തിരികെ സ്വന്തമാക്കിയത്. സെയ്ഫ് അലി ഖാന്റെ അച്ഛൻ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നൽകിയത്. ഇന്ന് 800 കോടി ആസ്തിയുള്ള കൊട്ടാരം, ഹോട്ടൽ ഗ്രൂപ്പിൽ നിന്നും തിരികെ വാങ്ങാൻ സെയ്ഫ് കഠിനമായി കഷ്ടപ്പെട്ടു.

Read Also: പഠാൻ സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് ഒരു അമ്മയും മകനും- വൈറൽ വിഡിയോ

കാലാവധി കഴിയാത്തതിനാൽ ഹോട്ടൽ ഗ്രൂപ്പ് വലിയ തുകയാണ് സെയ്‌ഫിനോട് ആവശ്യപ്പെട്ടത്. അത് മുഴുവൻ നൽകി നഷ്ടപെട്ട പ്രതാപം കൊട്ടാരത്തോടെ സ്വന്തമാക്കി ചെറിയ നവാബ് കൂടിയായ സെയ്ഫ്. ഇപ്പോൾ കുടുംബത്തിനൊപ്പം അവധി ആഘോഷങ്ങൾക്കായി സെയ്ഫ് എത്തുന്നത് പട്ടൗഡി പാലസിലാണ്.

നൂറ്റിയമ്പതോളം മുറികളാണ് കൊട്ടാരത്തിലുള്ളത്. വളർന്നു വരുന്ന ഇളമുറക്കാരനായ തൈമൂർ അലി ഖാൻ, അച്ഛൻ തിരികെ സ്വന്തമാക്കിയ പട്ടൗഡി പാലസിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Story highlights- struggle story of saif ali khans pataudi palace