ഒടുവിൽ ഓസ്കാർ നേട്ടത്തിൽ അഭിനന്ദനവുമായി ‘കാർപെന്റേഴ്സ് ‘; സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുവെന്ന് കീരവാണി-വിഡിയോ
ഇന്ത്യൻ സിനിമയിലേക്ക് ഓസ്കാർ എത്തിച്ചിരിക്കുകയാണ് രാജമൗലിയുടെ ആർആർആറും ചിത്രത്തിന്റെ സംഗീത സംവിധായകനായ എം.എം കീരവാണിയും. ചിത്രത്തിലെ “നാട്ടു നാട്ടു..” എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാർ അവാർഡ് സ്വന്തമാക്കി. ഗാനത്തിന് സംഗീതമൊരുക്കിയ എം.എം കീരവാണി വിഖ്യാതമായ ഓസ്കാർ അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. (Keeravani oscar win)
അവാർഡ് ഏറ്റുവാങ്ങി അദ്ദേഹം നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പോപ്പ് സംഗീതജ്ഞരായ ‘കാർപെന്റേഴ്സി’നെ പറ്റി പറഞ്ഞിരുന്നു. താൻ കാർപെന്റേഴ്സിന്റെ സംഗീതം ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ഇന്ന് താൻ ഓസ്കാർ അവാർഡ് ഏറ്റുവാങ്ങി നിൽക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷം നിരവധി ആളുകൾ കാർപെന്റേഴ്സിനെയും അവരുടെ സംഗീതത്തേയും പറ്റി അന്വേഷിച്ചിരുന്നു.
ഇപ്പോൾ കീരവാണിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ‘കാർപെന്റേഴ്സ്.’ ഒരു പാട്ടിലൂടെയാണ് കാർപെന്റേഴ്സ് സംഗീത സംവിധായകന് അഭിനന്ദനം അറിയിച്ചത്. ഈ അഭിനന്ദനം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കണ്ണുകൾ നിറയുന്നുവെന്നും കീരവാണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ കുറിച്ചു.
Read More: അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ രാജമൗലി; ഓസ്കാർ വേദിയിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ
അതേ സമയം ഇന്ത്യക്കാരെ പറ്റിയുള്ള സിനിമകൾ ഇതിന് മുൻപും ഓസ്കാർ വേദിയിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. ‘ഗാന്ധി’, ‘സ്ലംഡോഗ് മില്യനയർ’ എന്നീ ചിത്രങ്ങളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇത്തരം സിനിമകളുടെ ഭാഗമായിട്ടുള്ള ഏ.ആർ റഹ്മാൻ അടക്കമുള്ള ഇതിഹാസങ്ങൾ ഓസ്കാർ അവാർഡ് ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാൽ പൂർണമായും ഇന്ത്യൻ സിനിമ എന്നവകാശപ്പെടാൻ കഴിയുന്ന ഒരു ചിത്രത്തിന് ഓസ്കാർ അവാർഡ് ലഭിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ തന്നെ കീരവാണിയുടെ ഓസ്കാർ നേട്ടം ഇന്ത്യൻ സിനിമയ്ക്ക് അഭിമാന മുഹൂർത്തമാണ് സമ്മാനിച്ചത്.
Story Highlights: Carpenters’ praise for keeravani on oscar win