വിവാഹ ആഘോഷത്തിന് കൊഴുപ്പുകൂട്ടാൻ തീപ്പൊരി ചിതറുന്ന തോക്കുമായി വരനും വധുവും; കാത്തിരുന്നത് ദുരന്തം- വിഡിയോ

April 2, 2023

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിൽ ഒന്നാണ് വിവാഹ ദിവസം. അവർ എന്നെന്നും നെഞ്ചിലേറ്റുന്ന ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കുന്ന ഒരു ദിവസം. മിക്കവാറും എല്ലാ പെൺകുട്ടികൾക്കും അത് സന്തോഷത്തിന്റെ ദിനമാണ്. അതിനാൽ തന്നെ ആഘോഷങ്ങൾ എങ്ങനെയും വേറിട്ടതാക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാൽ, അതിരുവിട്ട ആഘോഷങ്ങൾ പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുമുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മഹാരാഷ്ട്രയിലെ ഒരു വിവാഹത്തിൽ സമാനമായ ഒരു സംഭവം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുറത്തുവന്ന വിഡിയോയിൽ വരനും വധുവും കൈയിൽ മിന്നുന്ന തോക്കുകളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എന്നിരുന്നാലും, ഈ പോസ് അത്ര അനുകൂലമായി ഭവിച്ചില്ല.

അദിതി എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു വധുവും വരനും വേദിയിൽ പോസ് ചെയ്യുന്നത് കാണാം. ദമ്പതികളുടെ കൈകളിൽ മിന്നുന്ന തോക്കുകൾ ഉണ്ടായിരുന്നു. പെട്ടെന്ന് തോക്കുകളിലൊന്ന് പൊട്ടിത്തെറിച്ച് വധുവിന്റെ മുഖത്ത് പതിച്ചു. എല്ലാവരും വധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.

read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

‘ഇന്നത്തെ ആളുകൾക്ക് എന്താണ് കുഴപ്പം, അവർ വിവാഹ ദിനങ്ങളെ പാർട്ടികളെപ്പോലെയാണ് പരിഗണിക്കുന്നത്, അങ്ങനെയാണ് അവർ അവരുടെ മനോഹര ദിവസം നശിപ്പിക്കുന്നത്’- വീഡിയോയുടെ അടിക്കുറിപ്പ് സൂചിപ്പിക്കുന്നു. ഇങ്ങനെയൊരു വിവാഹ ആഘോഷം നടത്തരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.

Story highlights- A video of a bride’s shooting stunt ending in a disaster