നോർത്തേൺ ലൈറ്റും ഗർബയും; ആടിത്തിമിർത്ത് ഗുജറാത്തികൾ

ലോകമെമ്പാടുമുള്ള സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ് അറോറ ബൊറിയാലിസ്. ഇവ നോർത്തേൺ ലൈറ്റുകൾ എന്നും അറിയപ്പെടുന്നു. ഒരു അന്തരീക്ഷ പ്രതിഭാസമാണ് നോർത്തേൺ ലൈറ്റുകൾ. ഇതിനെ ആകാശ നിരീക്ഷണത്തിന്റെ ഹോളി ഗ്രെയിൽ ആയി കണക്കാക്കപ്പെടുന്നു. മഞ്ഞുകണങ്ങൾക്കിടയിലുള്ള ഈ മായക്കാഴ്ച്ച എന്നും സഞ്ചാരികളെ ആകർഷിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.
ഇന്ത്യയിൽ നിന്നും സഞ്ചാരികൾ ഈ കാഴ്ച്ച ആസ്വദിക്കുവാനായി എത്തിച്ചേരാറുണ്ട്. അത്തരത്തിൽ എത്തിയ ഇന്ത്യൻ സഞ്ചാരികൾ ചിത്രീകരിച്ച ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഗുജറാത്തിൽ നിന്നെത്തിയ ഒരു സംഘം യുവാക്കൾ നോർത്തേൺ ലൈറ്റുകളുടെ മുൻപിൽ നിന്ന് നൃത്തം ചെയ്യുകയാണ്. ടിർത്ത് എന്ന ഡിജിറ്റൽ ആർട്ടിസ്റ്റാണ് വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. അമേരിക്കയിലെ അലാസ്കയില്‍ നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്.
Read Also: കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ‘എന്താടാ സജി’- ചിത്രത്തിലെ ഗാനം ശ്രദ്ധനേടുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ ആളുകൾ കളിക്കുന്ന ഗർബ നൃത്തത്തിന്റെ ചുവടുകളാണ് “ചോഗഡ തരാ” എന്ന ഗാനത്തിന്റെ അകമ്പടിയോടെ യുവാക്കൾ കളിക്കുന്നത്. ”നോര്‍ത്തേണ്‍ ലൈറ്റ്സോളം പ്രധാനമാണ് ഗര്‍ബയും” എന്ന കാപ്ഷ്യനോടു കൂടിയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ചുവപ്പ്, നീല, പച്ച പോലുള്ള നിറങ്ങളിൽ ലൈറ്റ് മിന്നിമറയുന്ന കാഴ്ച അത്യധികം മനോഹരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ രാസഘടനയാണ് നോർത്തേൺ ലൈറ്റുകളുടെ തിളക്കമുള്ള നിറങ്ങൾ നിർണയിക്കുന്നത്. ചാർജുള്ള കണങ്ങൾ (ഇലക്ട്രോണുകളും പ്രോട്ടോണുകളും) ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോളാണ് അറോറ ഉണ്ടാകുന്നത്. ആ കൂട്ടിയിടികൾ ആകാശത്തെ വർണാഭമായ പ്രകാശത്താൽ നിറയ്ക്കുന്ന ചെറിയ മിന്നലുകൾ സൃഷ്ടിക്കുന്നു.
Story Highlight : Group Of Men Perform Garba Under Northern Lights In Alaska