ഒരാൾക്ക് എത്ര തവണ രക്തം ദാനം ചെയ്യാം? എന്തൊക്കെ ശ്രദ്ധിക്കണം; ഇന്ന് “ലോക രക്തദാന ദിനം”
എല്ലാ വർഷവും ജൂൺ 14 ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാന ദിനമായി (WBDD) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രക്തദാതാക്കളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദിനം ആചരിക്കുന്നത്. രക്തദാനം ആളുകളുടെ ജീവൻ രക്ഷിക്കാൻ മാത്രമല്ല, ദാതാക്കൾക്ക് ആരോഗ്യ ആനുകൂല്യങ്ങൾ നൽകാനും സഹായിക്കുന്നു. രക്തദാനത്തെക്കുറിച്ച് ആളുകളുടെ ഇടയിലെ പൊതുവെ തെറ്റായ പല ധാരണകളും ഉണ്ട്. രക്തദാനത്തേക്കാൾ വലിയ ദാനമില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ എല്ലാവർക്കും രക്തം ദാനം ചെയ്യാനാകുമോ? 18 വയസ് കഴിഞ്ഞാൽ മാത്രം പോര, ശരിയായ ശരീര ഭാരം മുതൽ ജോലി സമയം വരെ പരിഗണിച്ച് മാത്രമേ ഒരു വ്യക്തിക്ക് രക്തദാനം നടത്താൻ സാധിക്കൂ.
മാനസിക-ശാരീരിക സൗഖ്യമുള്ള വ്യക്തിയിൽ നിന്ന് മാത്രമേ രക്തം സ്വീകരിക്കുകയുള്ളു. ഒരു തവണ 450ml രക്തം മാത്രമേ ഒരാൾക്ക് ദാനം ചെയ്യാൻ സാധിക്കൂ. രക്തം ദാനം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
READ ALSO: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..
18 വയസിനും 65 വയസിനും മധ്യേ പ്രായമുള്ള വ്യക്തികൾക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം കുറഞ്ഞത് 55 കിലോഗ്രാം വേണം. ഒരു തവണ രക്തം ദാനം ചെയ്ത് കഴിഞ്ഞാൽ പുരുഷന്മാർ 90 ദിവസങ്ങൾക്ക് ശേഷവും സ്ത്രീകൾ 120 ദിവസങ്ങൾക്ക് ശേഷവും മാത്രമേ രക്തം ദാനം ചെയ്യാവൂ. രക്തദാനം നടത്തും മുൻപ് ദാതാവിന്റെ പൾസ് 60-100 മധ്യേയാകണം. 12.5 ൽ കൂടുതൽ ഹീമോഗ്ലോബിനും രക്തത്തിൽ വേണം.
രാത്രി ഉറങ്ങാത്ത, നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത വ്യക്തിയാണെങ്കിൽ അത്തരക്കാർ രക്തദാനം നടത്തരുത്. നോമ്പ് നോറ്റിരിക്കുന്നവർ രക്തദാനം നടത്തരുത്. രക്തം വഴി പകരുന്ന അസുഖങ്ങളുള്ളവർ രക്തദാനത്തിൽ നിന്ന് വിട്ട് നിൽക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകരുത്. മദ്യപിച്ച വ്യക്തികൾക്കോ ശരീരത്തിൽ എന്തെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചവർക്കോ രക്തദാനം നടത്താൻ പാടില്ല.
Story highlights- World Blood Donor Day