ഇതൊരു സ്പെഷ്യൽ വിവാഹ വാർഷികമാണ്; കുറിപ്പും ചിത്രങ്ങളുമായി നരേയ്ൻ
മലയാളികളുടെ പ്രിയ നടനാണ് നരേയ്ൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ടത് ‘ഒടിയൻ’ എന്ന സിനിമയിലാണ്. അതിലും ചെറിയൊരു വേഷമായിരുന്നു ചെയ്തത്, പിന്നീട് ശ്രദ്ധിക്കപ്പെട്ടത് കൈദി എന്ന കാർത്തി ചിത്രത്തിലൂടെയാണ്. തമിഴകത്ത് സൂപ്പർഹിറ്റാണ് കൈദി. ഏറ്റവും ഒടുവിൽ 2018 എന്ന സിനിമയിലാണ് നടൻ വേഷമിട്ടത്. ഇപ്പോഴിതാ, പതിനഞ്ചാം വിവാഹവാർഷിക നിറവിലാണ് താരം. ഹൃദ്യമായൊരു കുറിപ്പും ചിത്രങ്ങളുമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.
‘തന്മയിയോടൊപ്പം, ഓംകാറിന്റെ വരവോടെ, ഇത് തീർച്ചയായും ഒരു പ്രത്യേക വാർഷികമാണ്. വിവാഹ വാർഷിക ആശംസകൾ, പ്രിയേ’ എന്നാണ് നരേയ്ൻ കുറിക്കുന്നത്. ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകുന്ന തിരക്കിലാണ് താരം. എന്നാൽ, കരിയറിൽ അനുഭവിച്ച പ്രതിസന്ധികൾ ഒരിയ്ക്കൽ നടൻ പങ്കുവെച്ചിരുന്നു.,
‘ഭാഗ്യം കൊണ്ട് പ്രതിസന്ധി കാലത്ത് കുടുംബത്തില്‍ ഒരു പ്രശ്നവും ഉണ്ടായില്ല. ഭാര്യ എന്റെ ഒപ്പം നിന്നു. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന യഥാര്‍ത്ഥത്തില്‍ മനസിലായില്ല. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാകുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. പിന്നെയല്ലേ അച്ഛനും അമ്മയ്ക്കും.’
‘എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്ക്കുവച്ച് നിന്നു. ചില നല്ല സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. ‘മുഖംമൂടി’ എന്ന ചിത്രം തീരാന്‍ രണ്ടുവര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിനു ശേഷം മലയാളത്തില്‍ ഏഴു സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും ക്യാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പിന്നീട് നിന്നുപോയി.കുട്ടിക്കാലം മുതല്ക്കേ ആത്മീയതയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതാണ് പിടിച്ചു നില്ക്കാന് സഹായിച്ചത്.’ നരേയ്ൻ പറയുന്നു.
Story highlights- narain about his wedding anniversary