മേതിൽ ദേവിക അഭിനയലോകത്തേക്ക്; അരങ്ങേറ്റം മേപ്പടിയാൻ സംവിധായകന്റെ ചിത്രത്തിലൂടെ

September 25, 2023

മേപ്പടിയൻ സംവിധായകൻ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് മേതിൽ ദേവിക. ഒരു പ്രണയകഥയാണ് വിഷ്ണു ഒരുക്കുന്നത്. നടൻ ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘കഥ ഇന്നുവരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഒരു പ്രണയചിത്രമായാണ് ‘കഥ ഇന്നുവരെ’ എന്ന ചിത്രം ഒരുങ്ങുന്നത്.

ബിജു മേനോനും മേതിൽ ദേവികയ്ക്കും പുറമെ നിഖില വിമൽ, അനു മോഹൻ, ഹക്കീം ഷാജഹാൻ, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്. വിഷ്ണുവിന്റെ സഹകരണത്തോടെ പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അശ്വിൻ ആര്യനാണ്. ജോമോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ ആണ്.

തങ്കം എന്ന ചിത്രത്തിലാണ് ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. ഗരുഡൻ എന്ന ത്രില്ലറിലാണ് സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ ഇപ്പോൾ അഭിനയിക്കുന്നത്. ജിസ് ജോയിയുടെ വരാനിരിക്കുന്ന ചിത്രത്തിലും ബിജു മേനോൻ വേഷമിടുന്നുണ്ട്.

Read also: പുതുവഴി കുറിച്ച ചലച്ചിത്രകാരന് പ്രണാമം; കെ ജി ജോർജിനെ അനുസ്മരിച്ച് സിനിമാലോകം

“മേപ്പടിയൻ” വിജയിച്ചതിന് ശേഷം എന്റെ അടുത്ത സിനിമ “കഥ ഇന്നുവരെ” പ്രഖ്യാപിക്കുന്നതിൽ ഞാൻ ത്രില്ലിലാണ്. മലയാളം ഇൻഡസ്‌ട്രിയിലെ പ്രതിഭാധനരായ വ്യക്തികളുമായി സഹകരിച്ച് പ്രവർത്തിക്കാനും മേതിൽ ദേവികയെ പരിചയപ്പെടുത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ വിഷ്ണുമോഹൻ സ്റ്റോറീസ് ബാനറുമായുള്ള നിർമ്മാണ പങ്കാളിത്തത്തിന് പ്ലാൻ ജെ സ്റ്റുഡിയോസിനും ഇമാജിൻ സിനിമാസിനും ഞാൻ നന്ദിയുള്ളവനാണ്. മേപ്പാടിയാന് നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, എന്റെ പുതിയ സിനിമയ്ക്കും അതേ ആവേശം പ്രതീക്ഷിക്കുന്നു!- ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ കുറിക്കുന്നു.

Story highlights- vishnu mohan’s next with biju menon and methil devika