ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം!

November 20, 2023

ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) 54-ാമത് പതിപ്പ് ഇന്നുമുതൽ ഗോവയിലെ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ ആരംഭിക്കും. (54th International Film Festival of India kick starts today)

13 വേൾഡ് പ്രീമിയറുകളും 18 ഇന്റർനാഷണൽ പ്രീമിയറുകളും 62 ഏഷ്യ പ്രീമിയറുകളും 89 ഇന്ത്യ പ്രീമിയറുകളും ഫെസ്റ്റിവലിൽ ഉണ്ടാകും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ മേള ഉദ്ഘാടനം ചെയ്യും. കുറ്റവാളിയായ തന്റെ ഭർത്താവിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുന്ന ഭാര്യയുടെ കഥ പറയുന്ന ചിത്രം ‘ക്യാച്ചിങ്ങ് ഡസ്റ്റ്’ എന്ന ബ്രിട്ടീഷ് സിനിമയുടെ പ്രദർശനത്തോടെയാവും മേള ആരംഭിക്കുക.

‘ഇന്ത്യൻ പനോരമ’ വിഭാഗത്തിൽ 25 ഓളം ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും. മലയാള സിനിമ ‘ആട്ടം’ ആയിരിക്കും ഉദ്ഘാടന ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018, ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ കേസ് കൊട്, പൂക്കാലം എന്നീ സിനിമകളും കൂട്ടത്തിലുണ്ട്. കാന്താര, വാക്സിൻ വാര്‍, വിടുതൈല ഒന്നാംഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

Read also: വേറിട്ട കഥാപാത്രവുമായി നിഷാ സാരംഗ്; മഹാറാണിയുടെ പ്രോമോ വിഡിയോ പുറത്ത്!

105 രാജ്യങ്ങളിൽ നിന്ന് ആകെ 2,926 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ദി സെന്റിനൽ, ദി അമേരിക്കൻ പ്രസിഡന്റ്, ഡിസ്‌ക്ലോഷർ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ മൈക്കൽ ഡഗ്ലസിന് അഭിമാനകരമായ സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡ് നൽകി ആദരിക്കുകയും ചെയ്യും.


അഭിനേതാക്കളായ മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, ശ്രിയ ശരൺ, നുഷ്രത് ബറൂച്ച, പങ്കജ് ത്രിപാഠി, സംഗീതസംവിധായകൻ ശന്തനു മൊയ്ത്ര, ഗായികമാരായ ശ്രേയ ഘോഷാൽ, സുഖ്‌വീന്ദർ സിംഗ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Story highlights: 54th International Film Festival of India kick starts today