എന്താണ് ‘ടോക്സിക് സൗഹൃദങ്ങൾ’?കൂടെയുള്ളവരെ തിരിച്ചറിയാം!

November 29, 2023

നമ്മുടെ ജീവിതം ആരംഭിക്കുന്നത് മുതൽ മരണം വരെ എന്നും ഒപ്പം കൂടെ കൂട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് സുഹൃത്തുക്കൾ. നല്ല സുഹൃത്തുക്കളുള്ളവർക്ക് സമ്മർദ്ദം കുറയുകയും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുമെന്നും ഗവേഷണങ്ങൾ പറയുന്നു. നല്ല സുഹൃത്തുക്കൾ മനസ്സിന് മരുന്നുപോലെയാണെങ്കിൽ ജീവിതം പോലും ദുസ്സഹമാക്കുന്നതാണ് ടോക്സിക്കായ സൗഹൃദങ്ങൾ. ഇത്തരക്കാരെ വിശ്വസിക്കുന്നത് അപകടകരവുമാണ്. ടോക്സിക് സുഹൃത്തുക്കൾക്ക് ഉണ്ടാകുന്ന ചില സ്വഭാവങ്ങൾ നോക്കാം. (Be mindful to spot toxic friendships and distance yourself from them)

അവസരവാദികൾ:

തങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ ചുറ്റും ഉണ്ടായിരിക്കുകയും എന്നാൽ നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നവരാണ് ഇത്തരക്കാർ. നിങ്ങളുടെ സുഹൃത്ത് അത്തരം പെരുമാറ്റം പ്രകടിപ്പിക്കുകയാണെങ്കിൽ, സ്വയം അകന്നുനിൽക്കുന്നതാണ് നല്ലത്. ഈ സ്വഭാവം നിങ്ങളുടെ മാനസിക സമാധാനം കെടുത്തും. കാരണം നിങ്ങൾ കുഴപ്പത്തിലായിരിക്കുമ്പോൾ അവർ ഒപ്പമുണ്ടാകണമെന്നില്ല.

സ്വാർത്ഥന്മാർ:

തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയും നിങ്ങളുടെ കാര്യങ്ങളിൽ താൽപ്പര്യം തീരെ കാണിക്കുകയും ചെയ്യാത്തവരാണ് ഇത്തരം സുഹൃത്തുക്കൾ. അവർ പലപ്പോഴും സ്വാർത്ഥരും തങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നവരുമായിരിക്കും. അതിനാൽ ഇത്തരം ആളുകളിൽ നിന്ന് അകലം പാലിക്കുന്നത് പ്രധാനമാണ്

Read also: അൽപ്പം പേരയ്ക്ക വിശേഷം; തിളക്കമുള്ള ചർമ്മം മുതൽ ഭാരം നിയന്ത്രിക്കാൻ വരെ പേരയ്ക്ക!

വിശ്വാസയോഗ്യമല്ലാത്തവർ:

ഈ വിഭാഗക്കാർ പറയുന്ന വാക്കുകൾ പാലിക്കണമെന്നില്ല. നിർണായക ഘട്ടങ്ങളിൽ നിങ്ങളെ ഉപേക്ഷിക്കാൻ വരെ ഇവർക്ക് കഴിയും. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല ഒരിക്കലും തിരികെ കയറാൻ പറ്റാത്ത സാഹചര്യങ്ങളിലേക്ക് വരെ നമ്മളെ കൊണ്ടെത്തിക്കുകയും ചെയ്യും.

അനാദരവ് കാണിക്കുന്നവർ:

ഇത്തരം സുഹൃത്തുക്കൾക്ക് നിങ്ങളെ അനാദരിക്കാനും പല സാഹചര്യങ്ങൾ നിങ്ങൾക്കെതിരെ തിരിക്കാനും, പേരിന് വരെ കളങ്കം സൃഷ്ടിക്കാനും കഴിയും. ഇത് വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ആത്മാഭിമാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

അസൂയക്കാർ:

നമ്മുടെ വിജയങ്ങളിൽ ഇത്തരം സുഹൃത്തുക്കൾക്ക് ഭീഷണി തോന്നിയേക്കാം. അവർ എപ്പോഴും നമ്മുടെ നേട്ടങ്ങളിൽ പിഴവുകൾ കണ്ടെത്താൻ ശ്രമിക്കുകയും ആത്യന്തികമായി നിങ്ങളുടെ സന്തോഷം നശിപ്പിക്കുകയും ചെയ്യും. അതിനാൽ, നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനേക്കാൾ മത്സരിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നതാണ് നല്ലത്.

Story highlights: Be mindful to spot toxic friendships and distance yourself from them