പോഷക സമൃദ്ധം പാഷൻ ഫ്രൂട്ട്; രുചികരവും ആരോഗ്യസമ്പുഷ്ടവുമായ പാഷൻ ഫ്രൂട്ട് വിഭവങ്ങൾ
മുന്തിരി വള്ളികൾ പോലെ തഴച്ചുവളർന്നു പന്തലിക്കുന്ന പാഷൻ ഫ്രൂട്ട് രുചിയിലും ഗുണത്തിലും മുൻപന്തിയിലാണ്. ഇന്ത്യക്ക് പുറമെ ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സുലഭമാണ് പാഷൻ ഫ്രൂട്ട്. പ്രതിരോധ ശേഷി വളരെയധികം ആവശ്യമുള്ള ഈ കാലഘട്ടത്തിൽ പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
പാഷൻ ഫ്രൂട്ടിൽ മൃദുവായ പൾപ്പും ധാരാളം വിത്തുകളും അടങ്ങിയിരിക്കുന്നു. വിത്തുകളും പൾപ്പും ഭക്ഷ്യയോഗ്യമാണ്. അല്ലെങ്കിൽ ജ്യൂസാക്കിയും കുടിക്കാം. ശക്തമായ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ പാഷൻ ഫ്രൂട്ട് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനും കാഴ്ചയ്ക്കും രോഗപ്രതിരോധത്തിനും വിറ്റാമിൻ എ പ്രധാനവുമാണ്.
വിറ്റാമിൻ സിയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു, മാത്രമല്ല ശരീരത്തിലെ അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. പാഷൻ ഫ്രൂട്ടിൽ ഹൃദയാരോഗ്യം സംരക്ഷിക്കാനായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഇങ്ങനെ ധാരാളം ഗുണങ്ങളുണ്ടെങ്കിലും ചെറിയ പുളിപ്പുള്ള പാഷൻ ഫ്രൂട്ട് പലർക്കും കഴിക്കാൻ മടിയാണ്. എന്നാൽ, പാഷൻ ഫ്രൂട്ടിൽ നിന്നും രുചികരമായ മറ്റു വിഭവങ്ങളുണ്ടാക്കാൻ സാധിക്കും. പാഷന് ഫ്രൂട്ട് സ്ക്വാഷ്, പാഷന് ഫ്രൂട്ട് സര്‍ബത്ത്, പാഷന്‍ഫ്രൂട്ട് ജാം, പാഷന്‍ഫ്രൂട്ട് ഹല്‍വ അങ്ങനെ നീളുന്നു വിഭവങ്ങളുടെ നിര.
സ്ക്വാഷ്- നന്നായി പഴുത്ത പാഷൻ ഫ്രൂട്ട് പൾപ്പും വിത്തുമെടുത്ത് വെള്ളത്തിലിട്ട് പിഴിഞ്ഞ് നീരെടുക്കണം.ഈ നീരിൽ ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഗ്രാമ്പു വിതറി വാങ്ങുക. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.
പാഷൻ ഫ്രൂട്ട് ജാമുണ്ടാക്കാൻ ചെറുപഴവും കാരറ്റും കൂടി ആവശ്യമുണ്ട്. പഴവും കാരറ്റും മിക്സിയിലിട്ട് നന്നായി അടിച്ചെടുത്തശേഷം അല്പം ഏലക്ക പൊടിച്ചത് ചേർക്കുക. ഇതിലേക്ക് ശർക്കര പണിയാക്കിയത് ചേർക്കണം. ഇത് അടുപ്പിൽ വെച്ച് നെയ്യൊഴിച്ച് ചൂടാക്കണം. ജാമിന്റെ പരുവമെത്തുന്നതുവരെ ചൂടാക്കാം.
story highlights- benefits of passion fruit