40 വാര അകലെ നിന്നൊരു ചിപ്പ് ഗോൾ; റൊണാള്‍ഡോയുടെ ഗോള്‍വേട്ട ആഘോഷമാക്കി ആരാധകര്‍..!

November 25, 2023

മൂന്ന് മിനിട്ടുകള്‍ക്കിടയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍. അതിൽത്തന്നെ 40 വാര അകലെനിന്നൊരു ചിപ്പ് ഗോൾ..! സൗദി പ്രോ ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍വേട്ട തുടരുകയാണ്. ലീഗില്‍ അല്‍ അഖ്ദൂദിനെതിരായ മത്സരത്തില്‍ 77, 80 മിനുട്ടുകളിലാണ് സൂപ്പര്‍ താത്തിന്റെ ഗോള്‍നേട്ടം. ( Cristiano Ronaldo scores delightful long-range chip goal }

അല്‍ നസ്‌റിന്റെ വിജയത്തേക്കാളുപരി റൊണാള്‍ഡോയുടെ ഗോള്‍നേട്ടം ആഘോഷിക്കുകയാണ് ആരാധകര്‍. അത്രയും മനോഹരമായിരുന്നു പോര്‍ച്ചുഗീസ് നായകന്‍ നേടിയ രണ്ടാം ഗോള്‍. 77-ാം മിനുട്ടില്‍ ഗോള്‍ പോസ്റ്റിന്റെ വലത് ഭാഗത്തു്‌നിന്നും നാരോ ആംഗിളിലൂടെ ഗോള്‍വല ചലിപ്പിച്ച റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് മൂന്ന് മിനുട്ടുകള്‍ക്കം മനോഹരമായ മറ്റൊരു ഗോള്‍ പിറന്നു.

അല്‍ നസര്‍ ക്ലബിനായി ഏറ്റവും മനോഹരമായ ഗോളുകളിലൊന്നാണ് അല്‍ അവ്വല്‍ പാര്‍ക്കില്‍ റൊണാള്‍ഡോ നേടിയത്. അല്‍ നസറിന്റ മുന്നേറ്റം തടയാനായി ബോക്‌സ് വിട്ട് വെളിയിലെത്തിയ അല്‍ അഖ്ദൂത് ഗോള്‍കിപ്പറുടെ മോശം ക്ലിയറന്‍സിനൊടുവില്‍ പന്തെത്തിയത് സൂപ്പര്‍ താരത്തിന്റെ കാലുകളിലേക്കായിരുന്നു. ഞൊടിയിടയില്‍ പന്തിനെ നിയന്തിച്ച് 40 വാര അകലെ നിന്നുള്ള റൊണാള്‍ഡോയുടെ ചിപ്പ് അല്‍ അഖ്ദൂദ് വലയില്‍ പറന്നിറങ്ങിയപ്പോള്‍ സ്റ്റേഡിയമൊന്നാകെ ആവേശം അലതല്ലി. എന്തുകൊണ്ടാണ് ഫുട്ബോള്‍ ലോകത്ത് രാജാവായി ഇന്നും തുടരുന്നത് എന്ന അരക്കിട്ടുറപ്പിക്കുന്ന ഗോളായിരുന്നവത്.

Read Also: ‘ദ ലാസ്റ്റ് ഡാന്‍സ്‌’ വീണ്ടുമൊരു മെസി – റൊണാള്‍ഡോ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു..

2023-ല്‍ റൊണാള്‍ഡോയുടെ 48ാം ഗോളാണിത്. ഇതിന് പുറമെ 13 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ഹാരി കെയ്ന്‍, എര്‍ലിങ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ അടക്കമുള്ളവരെ പിന്തള്ളിയാണ് 38-കാരനായ റൊണാള്‍ഡോയുടെ കുതിപ്പ്.

റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ക്കൊപ്പം സാമി അല്‍ നെജെയ്മും ഗോള്‍ നേടിയ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ ജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ സൗദി പ്രോ രണ്ടാം സ്ഥാനത്ത് തുടരാനും അല്‍ നസറിനായി. 14 മത്സരങ്ങളില്‍ നിന്നും 11 ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 34 പോയിന്റാണ് അല്‍ നസറിനുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ചിരവൈരികളായ അല്‍ ഹിലാലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Story highlights: Cristiano Ronaldo scores delightful long-range chip goal