കടലിലെ പൊന്ന്; ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി ഗോല്‍ ഫിഷ്‌

November 22, 2023
Gujarat govt declares Ghol as state fish

ഗോല്‍ ഫിഷിനെ സംസ്ഥാന മത്സ്യമായി തെരഞ്ഞെടുത്ത്‌ ഗുജറാത്ത്. അഹമ്മദാബാദില്‍ നടന്ന ദ്വിദിന ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറന്‍സ് ഇന്ത്യ 2023 പരിപാടിയിലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗോല്‍ മത്സ്യത്തെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. ഗോല്‍ മത്സ്യങ്ങളെ സംരക്ഷിക്കുക, അതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോല്‍ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ( Gujarat govt declares Ghol as state fish)

ഇന്ത്യയില്‍ തന്നെ കാണപ്പെടുന്ന വലിപ്പം കൂടിയ മത്സ്യങ്ങളിലൊന്നാണ് ഗോല്‍. അന്താരാഷ്ട വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള മത്സ്യമായതിനാല്‍ ‘സീ ഗോള്‍ഡ്’ എന്നൊരു പേരും കൂടെ ഇതിനുണ്ട്. ഈ വിലയക്ക് പിന്നിലെ പ്രധാന കാരണം അതിന്റെ ആമാശയത്തില്‍ കാണപ്പെടുന്ന ബ്ലാഡറാണ്. വിവിധ ശസ്ത്രക്രിയയകള്‍ക്ക് ആവശ്യമായ നൂല്‍ നിര്‍മാണത്തിനായി ഇവ ഉപയോഗിക്കാറുണ്ട്.

അതോടൊപ്പം വിവിധ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയും ഇതിന്റെ ബ്ലാഡര്‍ ഉപയോഗിക്കുന്നുണ്ട്. മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അയഡിൻ, ഒമേഗ-3, ഡിഎച്ച്എ, ഇപിഎ, അയേൺ, ടോറിൻ, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ഗോല്‍ മത്സ്യത്തിന്റെ ശരീരത്തില്‍ അടങ്ങിയിട്ടുണ്ട്.

ഈ മത്സ്യത്തിന് വിവിധ തരത്തിലുള്ള ഔഷധ ഗുണങ്ങളുണ്ടെന്ന് പറയുന്നു. ഈ മത്സ്യം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പറയാറുണ്ട്. ബിയറും വൈനുമുണ്ടാക്കാന്‍ ഗോല്‍ മത്സ്യം ഉപയോഗിക്കാറുണ്ട്.

ഈ മത്സ്യത്തിന് ഒന്നര മീറ്ററോളം വരെ നീളമുണ്ടാകും. അതുപോലെ, ഇതില്‍ ആണ്‍ മത്സ്യങ്ങള്‍ക്കാണ് കൂടുതല്‍ വില ലഭിക്കുന്നത്. 30 കിലോ വരുന്ന മത്സ്യത്തിന് നാല് മുതല്‍ അഞ്ച് ലക്ഷം രൂപയാണ് വിപണിയിലെ വില. ഗോള്‍ഡന്‍ – ബ്രൗണ്‍ നിറത്തിലുള്ള ഈ മത്സ്യം സാധാരണയായി ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ ഭീമമായ തുകയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഈ മത്സ്യത്തിന്റെ വിവിധ ശരീരഭാഗങ്ങള്‍ വില്‍ക്കാറുണ്ട്.