കളമശ്ശേരി സ്ഫോടനം; 18 ദിവസത്തിനിടയിൽ വിടപറഞ്ഞത് കുടുംബത്തിലെ മൂന്നുപേർ, ഇനി പ്രദീപന് കൂട്ട് ഇളയ മകൻ മാത്രം

November 18, 2023

ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്ഫോടനം നടത്തിയ ഡൊമിനിക്ക് മാര്‍ട്ടിന്‍ സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. എന്നാൽ, യഹോവാ സാക്ഷികളുടെ കൺവൻഷനിൽ പങ്കെടുത്ത് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെ നഷ്‌ടമായ വേദനയിലാണ് മലയാറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന പ്രദീപൻ.

സ്ഫോടനം നടന്ന് 18 ദിവസങ്ങൾ പിന്നിടുമ്പോൾ കുടുംബത്തിലെ മൂന്നുപേരെയാണ് പ്രദീപന് നഷ്ടമായത്. ഭാര്യ സാലി, മകൾ ലിബ്ന, മൂത്ത മകൻ പ്രവീൺ എന്നിവരെയാണ് പ്രദീപന് നഷ്ടമായത്. സ്ഫോടനം നടന്ന് പിറ്റേന്നായിരുന്നു മകളുടെ മരണം. ഭാര്യ സാലി(റീന) 11നും മകൻ പ്രവീൺ 16നും മരിച്ചു. ഇനി പ്രദീപന് കൂട്ടായി ഇളയമകൻ മാത്രമാണ് ഉള്ളത്. ഇളയവനായ രാഹുലിനും സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു.

എന്നാൽ, പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ വിട്ടയച്ചു. വാടകയ്ക്ക് താമസിക്കുന്ന പ്രദീപന് അടുത്തിടെ മൂത്തമകൻ പ്രവീണിന് ലഭിച്ച ജോലിയായിരുന്നു ഏക ആശ്വാസം. പത്തുദിവസത്തെ അവധിക്ക് കൺവൻഷനിൽ പങ്കെടുക്കാനുംകൂടിയാണ് പ്രവീൺ എത്തിയത്. സാലിയും മൂന്നു മക്കളും ഒന്നിച്ചാണ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയത്. പാചക തൊഴിലാളിയായ പ്രദീപൻ തിരക്കുകൾ കാരണമാണ് കൺവൻഷനിൽ പങ്കെടുക്കാതിരുന്നത്.

Read also: ‘പ്രകാശത്തിന്റെ ആകാശോത്സവം’; അങ്ങ് ബഹിരാകാശത്തു നിന്നും ദീപാവലി ആശംസകൾ!

അതേസമയം, സ്‌ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ബുധനാഴ്ചയാണ് കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തിയിരുന്നു.

Story highlights- kalamassery blast victim pradeepan lost everyone