വായിൽ കപ്പലോടിച്ച് കേരളീയം കലാമേള; വയറും നിറയും മനസ്സും നിറയും!
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ കുടുംബശ്രീ സ്റ്റാളുകളിൽ വൻ തിരക്കാണ്. കേരളീയം കലാമേളയ്ക്ക് പോയാൽ നല്ല പരിപാടികൾ കാണാം, ഒപ്പം കിടിലൻ രുചികളും പരിചയപ്പെടാം. കുടുംബശ്രീ അംഗങ്ങൾ ഒരുക്കുന്ന ഈ ഭക്ഷ്യമേളയ്ക്ക് വമ്പൻ ജനാവലിയാണ്. കാസർഗോഡ് മുതൽ തിരുവിതാംകൂർ വരെയുള്ള വൈവിധ്യമാർന്ന രുചികൾ ഇവിടെ വിളമ്പുന്നുണ്ട്. ഇവ രുചിച്ചുനോക്കാൻ എത്തുന്നത് ആയിരങ്ങളും. (Keraleeyam food fest serving wide varieties)
ഓരോ ജില്ലകളുടെയും തനതായ വിഭവങ്ങൾക്ക് പ്രത്യേകം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം വിളമ്പുന്ന കുടുംബശ്രീ പ്രവർത്തകർക്കാകട്ടെ സ്വന്തം നാട്ടിലെ രുചികളെ കുറിച്ച് പറയാൻ നൂറ് നാവും. നെയ്പ്പത്തിരി, ചിക്കൻ ചുക്ക, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ പൊട്ടിത്തെറിച്ചത്, എണ്ണ ഉപയോഗിക്കാതെ കല്ലിൽ ചുട്ടെടുക്കുന്ന സ്പെഷ്യൽ ചിക്കൻ ചാക്കോത്തി എന്ന് വേണ്ട പേര് പോലും കേട്ടിട്ടില്ലാത്ത ‘കടമ്പും കോഴിയും’ വരെയുണ്ട് രുചിപ്പട്ടികയിൽ.
പുത്തൻ വിഭവങ്ങൾ മാത്രമല്ല കേട്ടോ, അങ്ങ് പഴശ്ശിരാജ വരെ ഇഷ്ടപ്പെട്ടിരുന്ന കൂട്ടുപുഴുക്ക്, ഏവർക്കും പ്രിയപ്പെട്ട നെയ്ച്ചോറ്, തേങ്ങാച്ചോറ്, ചിക്കൻ പെരട്ട്, കൊത്തമല്ലി ചിക്കൻ, കൂന്തൾ, കല്ലുമ്മക്കായ, നെല്ലിക്കയുടെ മാത്രം എത്രയെത്ര ഭാവങ്ങൾ. അങ്ങനെ പറഞ്ഞു തീരാത്തത്ര വിഭവങ്ങൾ തീൻ മേശകളിൽ നിറച്ചിട്ടുണ്ട്.
Read also: “മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര
ഈ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനെത്തുന്നവർക്ക് വേദിക്കുമുന്നിൽ വിശാലമായ ഒരു ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട് ഇവിടെ. അപ്പോൾ മേളയ്ക്ക് പോകാം, നല്ല ഭക്ഷണവും കഴിച്ച് വയറും മനസ്സും നിറഞ്ഞു മടങ്ങാം.
Story highlights: Keraleeyam food fest serving wide varieties