ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകള്‍ക്കുമേല്‍ കനത്ത പ്രഹരം; നായകന് ലൂണയ്ക്ക് സീസണ് നഷ്ടമായേക്കും..
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇരട്ടപ്രഹരമായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയ്ക്ക് പരിക്ക്. മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. നേരത്തെ റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് പരിശീലകന് ഇവാന് വുകോമനോവിച്ചിന് വിലക്കും ലഭിച്ചിരുന്നു. ( Adrian Luna injury updates )
ലൂണയുടെ പരിക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ക്ലബ് അധികൃതര്‍ നല്കുന്ന സൂചന. ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാള്‍ വിശ്രമം ആവശ്യമായതിനാല്‍ അഡ്രിയാന്‍ ലൂണയ്ക്ക് ഈ സീസണ് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിന് ശസ്ത്രക്രിയക്കായി താരമിപ്പോള്‍ മുംബൈയിലാണുള്ളത്. നാളെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കും.
ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിലൊരാളായ ലൂണയുടെ അസാന്നിധ്യം മറികടക്കുക എന്നതായിരുക്കും ടീമിന് മുന്നിലുള്ള വലിയ വെല്ലുവിളി. മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന ലൂണയെ കേന്ദ്രീകരിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിമെനയുന്നത്. ഇതോടെ പതിവ് ശൈലികളും തന്ത്രങ്ങളും മാറ്റി ടീമിനെ ഒരുക്കുക എന്നതായിരിക്കും പരിശീലകന് ഇവാന് വുകോമനോവിച്ചിന് മുന്നിലുള്ള പ്രഥമ ദൗത്യം.
Read Also : ‘റഫറിമാര്‍ക്കെതിരായ വിമര്‍ശനം’; ബ്ലാസ്റ്റേഴ്സ് പരിശിലകന് ഇവാന് വുകോമനോവിച്ചിന് വീണ്ടും വിലക്ക്
ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മറ്റൊരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാനും സാധ്യതയുണ്ട്. അതേസമയം താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങളൊന്നും ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Story Highlights : Adrian Luna injury updates