എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്; സാത്വികിനും ചിരാഗിനും ഖേൽരത്ന
ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിക്കും മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അര്‍ജുന അവാര്‍ഡ്. പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് (സമഗ്രസംഭാവന) മലയാളിയായ കബഡി കോച്ച് ഭാസ്ക്കരനും അര്‍ഹനായി. കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഹീറേയായിരുന്നു ഷമി. ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന താരം തുടര്‍ന്നുള്ള ഏഴ് മത്സരങ്ങളിലും ഇന്ത്യന്‍ പേസ് നിരയിലെ വജ്രായുധമായിരുന്നു. എതിരാളികളെ നിലംപരിശാക്കിയ ഷമി 24 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ( Arjuna award for Mohammed Shami and M Sreesankar )
കായിക ലോകത്തെ സംഭാവനകള്‍ക്ക് രാജ്യം നല്കുന്ന ആദരവാണ് അര്‍ജുന അവാര്‍ഡ്. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്. ഇവരെക്കൂടാതെ ഇവരെക്കൂടാതെ മറ്റ് 24 പേര്‍ക്കും അര്‍ജുന പുരസ്കാരമുണ്ട്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം ഒമ്പതിന് അവാര്‍ഡ് വിതരണം ചെയ്യും.
ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ മുരളി ശ്രീശങ്കര്‍ പാലക്കാട് സ്വദേശിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ മെഡലുകള്‍ നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത ശ്രീശങ്കര്‍, അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിനും യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യന്‍ കബഡി ടീമുകളെ പരിശീലിപ്പിക്കുന്ന ഭാസ്കരന് ഇടച്ചേരി കാസര്‍കോട് സ്വദേശിയാണ്. ഭാസ്കരന് കീഴില്‍ മൂന്ന് ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
Read Also : ഐ.പി.എല്‍ താരലേലത്തില്‍ ആവശ്യക്കാരില്ലാതെ കേരള താരങ്ങള്‍.. നിരാശ മാത്രം ബാക്കി
2023ലെ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍: ഓജസ് പ്രവീണ്‍ (ആര്‍ച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആര്‍ച്ചറി), എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), പാരുള്‍ ചൗധരി (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന് ബഹദൂര്‍ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവന് കുമാര്‍ (കബഡി), ഋതു നേഗി (കബഡി), നസ്രീന് (ഖോ ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല് സിങ് സന്ധു (സ്ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നിസ്), സുനില്‍ കുമാര്‍ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതള്‍ ദേവി (പാര ആര്‍ച്ചറി), ഇല്ലുരി അജയ് കുമാര്‍ റെഡ്ഡി (ബ്ലൈന്‍ഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനോയിങ്).
Story Highlights : Arjuna award for Mohammed Shami and M Sreesankar