‘ലോകകപ്പിലെ ഹീറോ പരിവേഷം’; അര്‍ജുന അവാര്‍ഡ് ശുപാര്‍ശ പട്ടികയില്‍ മുഹമ്മദ് ഷമിയും

December 14, 2023

കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ ഹീറേയാണ് ഫാസ്റ്റ് ബോളര്‍ മുഹമ്മദ ഷമി. ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന താരം തുടര്‍ന്നുള്ള ഏഴ് മത്സരങ്ങളിലും ഇന്ത്യന്‍ പേസ് നിരയിലെ വജ്രായുധമായിരുന്നു. എതിരാളികളെ നിലംപരിശാക്കിയ ഷമി 24 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ( Muhammed Shami nominated for Arjuna award )

ഈ നേട്ടത്തിന് പിന്നാലെ അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് താരം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.സി.ഐ) പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഉത്തര്‍പ്രദേശുകാരനായ ഫാസ്റ്റ് ബോളറെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്തിമ പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

26 അംഗ അന്തിമ പട്ടികയില്‍ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറും ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡിന് ബാഡ്മിന്റണ്‍ സ്ഖ്യമായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി എന്നിവരെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

കായിക ലോകത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന ആദരവാണ് അര്‍ജുന അവാര്‍ഡ്. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്. ഈ വര്‍ഷത്തെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന, അര്‍ജുന പുരസ്‌കാര ജേതാക്കളെ കണ്ടെത്താനായി കായിക മന്ത്രാലയം 12 അംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറാണ് സമിതി അധ്യക്ഷന്‍.

Read Also : ‘ചന്ദ്രയാൻ’ മുതൽ ‘കാവാലയ’ വരെ; 2023-ല്‍ ഇന്ത്യയില്‍ കുടുതല്‍ കാഴ്ച്ചക്കാരുള്ള യുട്യൂബ് വീഡിയോകള്‍

അര്‍ജുന അവാര്‍ഡ് പട്ടിക: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), പാറുല്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍. വൈശാലി (ചെസ്), ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), അന്തിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).

Read Also : Muhammed Shami nominated for Arjuna award