ഈ വര്‍ഷം അടിച്ചുകൂട്ടിയത് 50 ഗോളുകള്‍, പുതിയ സെലിബ്രേഷനും; ക്രിസ്റ്റ്യാനോ കുതിക്കുകയാണ്..

December 12, 2023

ദേശീയ കുപ്പായത്തിലും ക്ലബ് തലത്തിലും തകര്‍പ്പന്‍ ഫോം തുടരുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം തളര്‍ത്താത്ത പോരട്ടവീര്യത്തോടെ പന്ത് തട്ടുന്ന റൊണാള്‍ഡോ ഈ വര്‍ഷവും 50 ഗോള്‍ എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. സൗദി കിങ്‌സ് കപ്പില്‍ അല്‍ ശബാബിനെ 5-2ന് തോല്‍പിച്ച മത്സരത്തില്‍ ഒരു ഗോള്‍ നേടിയാണ് റൊണാള്‍ഡോ ചരിത്ര നേട്ടത്തിലെത്തിയത്. ( Cristiano Ronaldo scored 50 goals in 2023 )

56 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 50 ഗോളിലെത്തിയത്. 2023-ല്‍ അല്‍ നസ്‌റിനായി 40 തവണ ലക്ഷ്യം കണ്ട താരം പോര്‍ച്ചുഗലിനായി 10 ഗോളുകളാണ് നേടിയത്. സൗദി പ്രോ ലീഗില്‍ അല്‍ റിയാദിനെതിരായ മത്സരത്തിലാണ് കരിയറില്‍ 1200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ മത്സരത്തില്‍ ഒരു ഗോള്‍ നേടിയ താരം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

അല്‍ നസറിനായി 74-ാം മിനുട്ടിലാണ് റൊണാള്‍ഡോ വല കുലുക്കിയത്. ബോക്‌സിന്റെ ഇടതു പാര്‍ശ്വത്തില്‍ നിന്നും ഒട്ടാവിയോക്ക് പന്ത് കൈമാറി എതിര്‍ പ്രതിരോധത്തെ ഞൊടിയിടയില്‍ വെട്ടിയൊഴിഞ്ഞ് മുന്നോട്ട് കയറിയ റൊണാള്‍ഡോ തിരികെ പന്ത് സ്വീകരിച്ച് അനായാസം ലക്ഷ്യം കാണുകയായിരുന്നു.

ഈ ഗോളിന് പിന്നാലെയുള്ള റൊണാള്‍ഡോയുടെ സെലിബ്രേഷനും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഗോളടിച്ചതിന് പിന്നാലെ കോര്‍ണര്‍ ഫ്‌ലാഗിന് അടുത്തേക്ക് കുതിച്ച് വായുവില്‍ ഉയര്‍ന്നുചാടുന്ന പതിവ് രീതിയില്‍ നി്ന്നും വ്യത്യസ്തമായി പ്രതിരോധ താരം അലി ലജാമിയോടൊപ്പമായിരുന്നു ആഘോഷം.

Read Also : ‘സിക്‌സ് പ്ലസ് ഇന്‍ഫിനിറ്റി’ ; വിവാഹ വാര്‍ഷികം ആഘോഷമാക്കി വിരാട് കോലിയും അനുഷ്‌ക ശര്‍മയും

സൗദി പ്രോ ലീഗില്‍ സീസണില്‍ 16 ഗോള്‍ നേടിയ റൊണാള്‍ഡോ കരിയറില്‍ രാജ്യത്തിനും ക്ലബുകള്‍ക്കുമായി 869 ഗോളുകളാണ് നേടിയത്. ക്രിസ്റ്റ്യാനോക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഏര്‍ലിങ് ഹാലണ്ടാണ് ഈ വര്‍ഷം 50 ഗോള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു താരം. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവര്‍ 49 ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.

Story Highlights : Cristiano Ronaldo scored 50 goals in 2023