‘മകന് കൂട്ടായി അമ്മ മാത്രം’; ആകാശവാണിയിലെ ഗായികയുടെ ഇന്നത്തെ ജീവിതം ദുരിതപൂർണം

December 2, 2023

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ ആകാശവാണിയിലെ ഗായികയാണ് സുശീല രാമസ്വാമി. തൃശൂർ കോലഴി സ്വദേശിയായ സുശീലാമ്മയ്ക്ക് പ്രായമേറെയായിട്ടും പാടുമ്പോൾ ഇന്നും ശബ്ദത്തിന് ഇടർച്ചയില്ല. (Former Akashavani singer Susheela Ramaswami’s life turns bitter)

1946-ൽ എട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് സുശീല മദ്രാസിലെ ആകാശവാണിയിൽ ആദ്യമായി പാടുന്നത്. പിന്നീട് പതിറ്റാണ്ടുകളോളം ആകാശവാണിയുടെ പല നിലയങ്ങളിൽ സുശീലാമ്മയുടെ ഗാനങ്ങൾ നിറഞ്ഞു നിന്നു. ആകാശവാണിയിലെ കരാർ ജോലി ഉപേക്ഷിച്ച് പിന്നീട് സംഗീത അധ്യാപികയുടെ വേഷമണിഞ്ഞു.

1987-ൽ മകൻ രാജേഷിനുണ്ടായ അപകടമാണ് സുശീലയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ചേലക്കരയിലെ നരസിംഹസ്വാമി ക്ഷേത്രത്തിൽ പൂജാരി തേങ്ങ ഉടയ്ക്കുന്നതിടെ കഷണങ്ങൾ പെറുക്കാൻ ഇറങ്ങിയതാണ് രാജേഷ്. പക്ഷെ തേങ്ങ തലയ്ക്ക് പിന്നിൽ കൊണ്ട് രാജേഷിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തോടെ ഇടതു കൈയ്യും കാലും കുഴഞ്ഞ് ഏത് സമയവും വീഴും എന്ന അവസ്ഥയിലാണ് രാജേഷ് ഇപ്പോൾ ഉള്ളത്. ഇങ്ങനെ പല തവണ കുഴഞ്ഞ് വീണ് പല്ലുകൾ നഷ്ടമാകുകയും തലയിൽ ഗുരുതരമായ മറ്റ് പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Read also: ‘ഇത് വായിക്കുമ്പോഴേക്കും ഞാൻ മരിച്ചിട്ടുണ്ടാകും’; മരണത്തിന് ശേഷവും ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്ന് യുവതി

തന്റെ കാലശേഷം മകനെ ആര് നോക്കും എന്നതാണ് അമ്മയുടെ ഏറ്റവും വലിയ ആവലാതി. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന മകന് കൂട്ടായി ആ കൊച്ചു വീട്ടിൽ ‘അമ്മ മാത്രമാണുള്ളത്. ഒരു കുഞ്ഞ് ജോലി കിട്ടിയാൽ രണ്ട് പേരുടെയും പെൻഷൻ കാശും ചേർത്ത് വെച്ച് മരുന്നിനുള്ള കാശെങ്കിലും ശെരിയാക്കാമല്ലോ എന്നാണ് സുശീലാമ്മ പറയുന്നത്. മരുന്നിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്റെ ജീവിതം സംഗീതം പോലെ ഇമ്പമുള്ളതല്ല.

Story highlights: Former Akashavani singer Susheela Ramaswami’s life turns bitter