ഒരേ മണ്ഡപത്തില്‍ ഒരേ സമയം നാല് യുവതികളെ വിവാഹം കഴിച്ച് യുവാവ്; വൈറലായി വീഡിയോ

December 11, 2023

ഒരേ മണ്ഡപത്തില്‍ ഒരേ സമയം എത്ര പേരെ വിവാഹം കഴിക്കും.. സാധാരണയായി ഒരു ദമ്പതികളുടെ വിവാഹം മാത്രം നടക്കുന്നതാണല്ലോ പതിവ്. എന്നാല്‍ വിവാഹ സങ്കല്‍പങ്ങളെയെല്ലാം അടിമുടി മാറ്റിമറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വരന്‍ ഒരേസമയം നാല് യുവതികളെ വിവാഹം ചെയ്യുന്നതാണ് വീഡിയോ. ( Groom weds four brides at same time goes viral )

വെള്ള വസ്ത്രവും തലപ്പാവും ധരിച്ചാണ് വരന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അണിഞ്ഞൊരുങ്ങിയ നാല് യുവതികളെ ഇദ്ദേഹം വിവാഹം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. ഹോമകുണ്ഡത്തിന് ചുറ്റും വലംവച്ചതിന് ശേഷം ഈ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ കാലുതൊട്ട് വന്ദിക്കുന്നതും വീഡിയോയില്‍ കാണാം. വ്യത്യസ്തമായ വിവാഹ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.

Read Also : വരനും വധുവും ഒന്ന്; മാസങ്ങളുടെ ഇടവേളയിൽ മൂന്നു വിധത്തിൽ വിവാഹിതരായി നടി അപൂർവ ബോസും ധിമനും

ഇത് വ്യാജ വാര്‍ത്തയാകാന്‍ സാധ്യതയുണ്ട്. റീലുകളില്‍ മാത്രമേ ഇങ്ങനെ സാധ്യമാകു എന്നാണ് ഒരാള്‍ പ്രതികരിച്ചത്. വരന്‍ ഹോമകുണ്ഡത്തിന് ചുറ്റും വലം വയ്ക്കുന്നത് തെറ്റായ ദിശയിലാണ്. റീലെടുക്കാനുള്ള ധൃതിയില്‍ ദിശ മറന്നുപോയതായിരിക്കാം എന്നായിരുന്നു മറ്റൊരാള്‍ ഇതിന് മറുപടി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡിലും സമാനമായ രീതിയില്‍ ഒരു വിവാഹം നടന്നിരുന്നു. സന്ദീപ് എന്ന യുവാവാണ് മണ്ഡപത്തില്‍ വച്ച് രണ്ട് യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത്. രണ്ട് പേരുമായും താന്‍ പ്രണയത്തിലായിരുന്നുവെന്നായിരുന്നു സന്ദീപ് പ്രതികരിച്ചത്.

Story highlights ; Groom weds four brides at same time goes viral