ഒരു പന്തിനായി കൊല്‍ക്കത്ത മുടക്കുന്നത് ലക്ഷങ്ങള്‍; ലേലത്തുക കൂടാതെ സ്റ്റാര്‍ക്കിന്റെ പോക്കറ്റിലെത്തുന്നത് കോടികള്‍..!
കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ മിനി താരലേലത്തില്‍ ശരിക്കും കോളടിച്ചത് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. വാശിയേറിയ ലേലം വിളിക്കൊടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് തുകയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാര്‍ക്കിനെ കൂടാരത്തിലെത്തിച്ചത്. 24.75 കോടി രൂപയാണ് കെ.കെ.ആര് ഈ വെറ്ററന്‍ പേസര്‍ക്ക് മുടക്കിയത്. എന്നാല്‍ ലേലത്തുകയായ 24.75 കോടി രൂപ മാത്രമല്ല സ്റ്റാര്‍ക്കിന് ലഭിക്കുക. മറ്റു പ്രതിഫലങ്ങള്‍ കൂടെ കണക്കുകൂട്ടമ്പോള്‍ ഏകദേശം 34 കോടി രൂപ സ്റ്റാര്‍ക്കിന്റെ പോക്കറ്റിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ( Mitchel Starc Bags Rs 24.75 Crore Deal with Kolkata Knight Riders )
ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരത്തിനായി പോരടിച്ചത്. ലേലം 20 കോടി കടന്നതോടെ ജിടിക്ക് തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കെകെആര്‍ റാഞ്ചി. 2018 ലും കെകെആറിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ പരിക്കേറ്റതോടെ പിന്മാറി. ഐപിഎല്ലില്‍ സജീവമല്ലാതിരുന്ന സ്റ്റാര്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി രണ്ട് സീസണുകള്‍ മാത്രമാണ് കളിച്ചത് എന്നതും ശ്രദ്ധേയമാണ്.
സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലത്തിന്റെ കണക്ക് ഒന്ന് നോക്കാം. ലീഗ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ കളിച്ചാല്‍ സ്റ്റാര്‍ക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,76,78,571 രൂപയാണ്. കൊല്‍ക്കത്ത പ്ലേഓഫിലേക്കും ഫൈനലിലേക്കും കൂടി യോഗ്യത നേടിയാല്‍ ആകെ 16 മത്സരങ്ങള്‍. അപ്പോള്‍ സ്റ്റാര്‍ക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,54,68,750 രൂപ.
ടൂര്‍ണമെന്റില്‍ ഒരു പന്തിന് സ്റ്റാര്‍ക്കിന്റെ വില എത്രയാണെന്ന് നോക്കാം. ഒരു മത്സരത്തില്‍ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയാല്‍ 24 പന്തുകളാണ് സ്റ്റാര്‍ക് എറിയുക. 14 മത്സരങ്ങളില്‍ നിന്നാകെ 336 പന്തുകള്‍. അങ്ങനെ കണക്കാക്കിയാല്‍ ഒരു പന്തെറിയാന്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി ചെലവാക്കുക 7.36 ലക്ഷം രൂപയാണ്. സ്റ്റാര്‍ക്കിന്റെ ഒരു ഓവറിനായി ചെലവാക്കുന്നത് 44 ലക്ഷവും.
ലേലത്തുക കൂടാതെ മാച്ച് ഫീയും പരസ്യവരുമാനവും അടക്കം വലിയൊരു തുകയാണ് പ്രതിഫലമായി സ്റ്റാര്‍ക്കിനെ കാത്തിരിക്കുന്നത്. മാച്ച് ഫീയും പരസ്യവരുമാനവും മത്സരത്തിലെ പ്രകടനത്തെയും ടീമിന്റെ നിലവാരത്തിനും അനുസരിച്ച് വ്യത്യസതമായിരിക്കും. എങ്കിലും ഐപിഎല്‍ പൂര്‍ത്തിയാകുന്ന സമയത്ത ഏകദേശം 34 കോടി രൂപ പ്രതിഫലമായി സ്റ്റാര്‍ക്കിന് ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Read Also : പട്ടൗഡി പാലസിൽ പിറന്നാൾ ആഘോഷം; ഏഴാം ജന്മദിനം ആഘോഷിച്ച് തൈമൂർ അലി ഖാൻ
ലേലത്തില്‍ വന്‍ തുക നേടിയതിന് ശേഷം പിന്മാറി ചരിത്രമുള്ളതിനാല്‍ എല്ലാ കണ്ണുകളും സ്റ്റാര്‍ക്കിലാണ്. കൂടാതെ ഭീമമായ തുക മുടക്കി താരത്തെ ടീമിലെത്തിക്കുമ്പോള്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷകളും അത്രമേല്‍ ഉണ്ടാകും. താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
Story Highlights : Mitchel Starc Bags Rs 24.75 Crore Deal with Kolkata Knight Riders