ഖത്തറിന്റെ മണ്ണില്‍ മെസിയുടെ ഇതിഹാസപൂര്‍ണതയ്ക്ക് ഒരാണ്ട്..
ഇതിഹാസപൂര്‍ണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിച്ചവര്‍ക്ക് മറുപടിയായി ഖത്തറിന്റെ മണലാര്യണ്യത്തിന് നടുവില്‍ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈല്‍ സ്റ്റേഡിയത്തിലെ ആര്‍ത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നില്‍ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ലോകഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് അര്‍ജന്റീനയുടെ സ്ഥാനാരോഹണം. വിമര്‍ശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു. ( One year of Argentina 2022 world cup victory )
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകമെങ്ങുമുള്ള അര്‍ജന്റൈന്‍ ആരാധകര്‍ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണല്‍ മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അര്‍ജന്റീനയ്ക്ക് മുന്നില്‍ കൊള്ളിയാന്‍ കണക്കെ ഫ്രാന്‍സിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ..
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ രണ്ട് കിക്കുകള്‍ ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാല്പന്തിനെ നെഞ്ചോടുചേര്‍ക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓര്‍മയായി മനസില്‍ കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.. ലോകഫുട്ബോളിന്റെ രാജാക്കന്മാരെ തങ്കക്കസവുള്ള മേലങ്കി ചാര്‍ത്തി ആദരിക്കുകയായിരുന്ന ഖത്തര്‍. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.
Read Also: ഫിഫ ബെസ്റ്റ് 2023; മെസി, എംബാപ്പെ, ഹാലണ്ട് ചുരുക്കപ്പട്ടികയില്‍
ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന് തോല്‍വിയുമായി തുടങ്ങിയ അര്‍ജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുര്‍ത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അര്‍ജന്റൈന്‍ ആരാധകരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വീണ്ടും പുതുജീവന്‍ നല്കിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയില്‍ യൂറോപ്പിലെ പേരുകേട്ട വമ്പന്മാരെയെല്ലാം തകര്‍ത്തെറിഞ്ഞിരുന്നു.
Story Highlights : One year of Argentina 2022 world cup victory