1997ൽ എഴുതി തുടങ്ങിയ കണക്ക്‌ പരീക്ഷ, 56-കാരന് 24-ാം ശ്രമത്തില്‍ വിജയം

December 1, 2023

പഠനത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. അക്ഷരാര്‍ഥത്തില്‍ ആ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള 56-കാരനായ രാജ്കരന്‍ ബറുവ. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രാജ്കരന്‍ തന്റെ 24-ാം ശ്രമത്തിലാണ് എം.എസ്.സി മാത്‌സ് എക്‌സാം പാസായത്. ( Rajkaran passes MSc Maths exam at 56 )

1997-ലാണ് രാജ്കരന്‍ പരീക്ഷ എഴുതാന്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ 23 ശ്രമങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഒടുവില്‍ 2021-ലാണ് രാജ്കരന്‍ തന്റെ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ജബല്‍പൂരിലെ റാണി ദുര്‍ഗാവതി സര്‍വ്വകലാശാലയില്‍ നിന്നാണ് തന്റെ രണ്ടാം ബിരുദാനാന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

രാജകരന്റെ നേട്ടത്തില്‍ യുണിവേഴ്‌സിറ്റി അധികൃതര്‍ സന്തോഷം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ദൃഢനിശ്ചയം മറ്റുള്ളവര്ക്ക് പഠിക്കാനും അനുകരിക്കാനുമുള്ള മാതൃകയാണെന്നും യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.

ജബല്‍പൂര്‍ സ്വദേശിയായ രാജ്കരന്‍ ഗണിതശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. 1996-ല്‍ അദ്ദേഹം പുരാവസ്തു ശാസ്ത്രത്തില്‍ തന്റെ ആദ്യത്തെ ബിരുദാനന്തര ബിരുദം നേടിയിരുന്നു. തുടര്‍ന്ന് എതാനും വര്‍ഷം അദ്ദേഹം സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കിയിരുന്നു.

Read Also: ഇന്ത്യൻ പ്രസിഡന്റിനെ കൂടാതെ സ്വന്തമായി തപാൽ കോഡുള്ളയാൾ; അറിയാം ശബരിമലയിലെ പോസ്റ്റ് ഓഫീസിനെ കുറിച്ച്!

ബിരുദാനാന്തര ബിരുദം നേടുന്നതിനായി പുസ്തകങ്ങള്‍ക്കും പരീക്ഷാ ഫീസിനും അനുബന്ധ ചെലവുകള്‍ക്കുമായി ഏകദേശം 2 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് രാജ്കരന്‍ പറയുന്നത്. ഈ 25 വര്‍ഷത്തിനിടയില്‍, രാത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡായും പകല്‍ വീട്ടുജോലിയും ചെയ്താണ് പഠനത്തിനായുള്ള പണം കണ്ടെത്തിയത്.

മാത്‌സ് പരീക്ഷയില്‍ വിജയം നേടി തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള യാത്രയില്‍ രാജ്കരന്‍ വിവാഹം കഴിക്കാന്‍ മറന്നു. പരീക്ഷ പാസായതോടെ വിവാഹത്തിന് ഒരുങ്ങുകയാണ് ഇദ്ദേഹം. തന്നെപ്പോലെ പഠനത്തില്‍ അഭിനിവേശമുള്ള ഒരാളെ കണ്ടുകിട്ടിയാല്‍ വിവാഹം കഴിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Story highlights : Rajkaran passes MSc Maths exam at 56