5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് റാപ്പിഡ് അലേര്‍ട്ട് സംവിധാനം; ലക്ഷ്യം സുരക്ഷിത ബാങ്കിങ്‌

December 1, 2023

ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്ക് റാപ്പിഡ് അലേര്‍ട്ട് സംവിധാനം കൊണ്ടുവരാന്‍ തയ്യാറെടുത്ത് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍. 5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ( Rapid alert system for digital payment transactions )

കച്ചവടക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളിലായിരിക്കും ഈ സംവിധാനം നടപ്പിലാക്കുകയെന്നാണ് വിവരം. ഒരാള്‍ യുപിഐ ഉപയോഗിച്ച് 5000 രൂപ വിലയുള്ള ഒരു വസ്തു ഓര്‍ഡര്‍ ചെയ്തു എന്ന് കരുതുക. തുക പിന്‍വലിക്കുന്നതിന് മുമ്പ് അയാളുടെ യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കില്‍ നിന്ന് വെരിഫിക്കേഷന്‍ മെസേജോ ഇടപാട് സ്ഥിരീകരിക്കുന്നതിനായുള്ള ഫോണ്‍ കോളോ ലഭിച്ചേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്ക് ഇത്തരത്തിലുള്ള അലര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നുണ്ട്.

രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി യുപിഐ സംവിധാനം മുഖേന പണമിടപാട് നടത്തുമ്പോള്‍ പണം കൈമാറ്റം നടക്കാന്‍ നാല് മണിക്കൂറെങ്കിലും സമയമെടുക്കുമെന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാന്‍ നീക്കം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഈ നിയന്ത്രണം. എന്നാല്‍ ഈ ആശയത്തിന് ഉപയോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. രാജ്യത്തെ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

Read Also ; ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം; പുതിയ മാറ്റവുമായി വാട്‌സാപ്പ്

അതേസമയം, ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി വഴി സംശയാസ്പദമായ കോളര്‍ ലിസ്റ്റ് തയ്യാറാക്കുക, സ്പാം കോളുകളെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നീ കാര്യങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് ടെലികോം അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്.

Story Highlights : Rapid alert system for digital payment transactions