സുരക്ഷിതമായ നല്ല നടപ്പ്; പ്രഭാത നടത്തത്തിന് ഇറങ്ങുമ്പോള്‍ കരുതല്‍ വേണം..!
അടച്ചുപൂട്ടപ്പെട്ട കൊവിഡ് കാലത്തിന് ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങള്‍ സ്വായാത്തമാക്കുന്ന കാര്യത്തില്‍ നാം മലയാളികള്‍ പുറകിലല്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാത നടത്തങ്ങള്‍ ഒഴിച്ചുകുടാനാകാത്ത ഒരു ശീലമായി മാറിയിട്ടുണ്ട. അടുത്ത കാലത്ത് രാവിലെ നടക്കാന്‍ ഇറങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്ധനാവുണ്ടായിട്ടുള്ളത്. ( Things to keep in mind when going out for a morning walk )
പ്രഭാത നടത്തിന് ഇറങ്ങുന്നതിനിടെയുണ്ടാകുന്ന അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമാകുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. 2022 – ല്‍ ഇന്ത്യയില്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ട് മരണപ്പെടുന്നവരുടെ എണ്ണത്തിന് തൊട്ടുപിറകിലാണ് കാല്‍നടയാത്രക്കാര്‍ എന്നത് വളരെ സങ്കടകരമായ സത്യമാണ്. തിരുവനന്തപുരത്ത് ഈയിടെ രണ്ട് പേര് മരണപ്പെട്ട സംഭവം ഈ കാര്യത്തില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നതെന്നാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് ന്ല്കുന്നത്.
പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍, കാല്‍നടയാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങള്‍ മൂലവും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്. രാത്രിയില്‍ കാല്‍നടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. കാല്‍നടയാത്രക്കാരനെ താരതമ്യേന വളരെ മുന്‍ കൂട്ടി കണ്ടാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകള്‍ അമര്‍ത്തി പ്രതികരിക്കണമെന്നും അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ സാധാരണ റോഡുകളില്‍ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറില്‍ 70 കി.മീ (സെക്കന്റില്‍ 19.5 മീറ്റര്‍)സഞ്ചരിക്കുന്ന ഡ്രൈവര്‍ ഒരു കാല്‍നടയാത്രക്കാരനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന റിയാക്ഷന് ടൈം ഏകദേശം ഒന്ന് മുതല്‍ 1.5 സെക്കന്‍ഡ് വരെ ആണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സമയത്ത് വാഹനം 30 മീറ്റര്‍ മുന്നോട്ട് നീങ്ങും, ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂര്‍ണ്ണമായി നില്ക്കാന് പിന്നെയും 36 മീറ്റര്‍ എടുക്കും. അതായത് ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും അകലെ നിന്ന് കാണണം. എങ്കില്‍ മാത്രമെ കൂട്ടിയിടി ഒഴിവാക്കാന്‍ കഴുയു.
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ച റോഡുകളില്‍ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാന്‍ കഴിയുന്നത് കേവലം 30 മീറ്റര്‍ പരിധിക്ക് അടുത്തെത്തുമ്പോള്‍ മാത്രമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു (വെളിച്ചം കുറവുള്ള റോഡില്‍ അത് 10 മീറ്റര്‍ വരെയാകാം ) അതും കാല്നടയാത്രികന് റോഡിന്റെ ഇടത് വശത്താണെങ്കില്‍. ഡ്രൈവറുടെ വലത് വശത്തെ വിന്റ് ഷീല്‍ഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറല്‍ വിഷന്റെ പ്രശ്നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും.
Read Also : തിരക്കില്ലാത്ത ലളിതമായ ജീവിതം ആഗ്രഹിക്കുന്നവരാണോ? ശീലമാക്കാം ഈ രീതികൾ
മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. കാല്‍നടയാത്രക്കാര്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കില്ല എന്നതും പ്രശ്നമാണ്. വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം. കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും, കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക എന്നത് തീര്‍ത്തും ദുഷ്കരമായിത്തീരും.
കാല്‍നടയാത്രക്കാരും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കരുതാം ഈ കാര്യങ്ങള്‍..
- സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.
- കഴിയുന്നതും നടക്കുന്നതിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തെരഞ്ഞെടുക്കുക.
- വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തെരഞ്ഞെടുക്കാം.
- തെരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതുമായ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
- ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍ കൂടി വരുന്ന വാഹനങള് കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക.
- വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.
- സാധ്യമെങ്കില്‍ റിഫ്ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളോ ഉപയോഗിക്കുക.
- വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങള്‍ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം .
- ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.
- കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
- റോഡിലൂടെ വര്‍ത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
- മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വശങ്ങള് നന്നായി കാണാന്‍ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക.
Story Highlights : Things to keep in mind when going out for a morning walk