ലോക എയ്ഡ്സ് ദിനം; എച്ച്‌ഐവിയെ പ്രതിരോധിക്കാന്‍ പ്രത്യക ക്യാമ്പയിനുമായി കേരളം

December 1, 2023
World AIDS Day 2023

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനം. എച്ച്‌ഐവിയെയും എയ്ഡ്സിനെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനും രോഗ ബാധിതര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി 1988 മുതലാണ് എയ്ഡ്സ് ദിനമായി ആചരിച്ച് വരുന്നത്. ഇനി സമൂഹങ്ങള്‍ നയിക്കട്ടെ (LET COMMUNITIES LEAD!) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. എച്ച്‌ഐവി ബാധിതരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന് നിര്‍ണായക പങ്കുണ്ടെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വിഷയത്തിലേക്ക് ലോകാരോഗ്യ സംഘടനയെ നയിച്ചത്. ( World AIDS Day 2023 )

ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന വൈറസുകളാണ് എയ്ഡ്‌സിന് കാരണാകുന്നത്. ആര്‍.എന്‍.എ വിഭാഗത്തില്‍പെട്ട ഒരു ‘റിട്രോ വൈറസ്’ ആണിത്. 1984ല്‍ അമേരിക്കന്‍ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റോബര്‍ട്ട് ഗാലേ ആണ് വൈറസ് കണ്ടെത്തിയത്. എച്ച്.ഐ.വി. പകര്‍ച്ചവ്യാധിയാണ് പക്ഷേ, രോഗിയോടൊപ്പം കഴിഞ്ഞത് കൊണ്ടോ സ്പര്‍ശിച്ചതുകൊണ്ടോ രോഗം പകരില്ല.

ഇന്‍ജക്ഷന്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെയാണ് പലപ്പോഴും വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മനുഷ്യ ശരീരത്തിലെ പ്രതിരോധ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസാണ് എച്ച്‌ഐവി. വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നതോടെ ക്രമേണ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുകയും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

1988 മുതലാണ് എയ്ഡ്സ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയിലെ രണ്ട് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥരാണ് ഇതിനായി നേതൃത്വം നല്‍കിയത്. ലോക എയ്ഡ്സ് ദിനത്തില്‍ ലോകമെമ്പാടുമുള്ളവ എച്ച്‌ഐവിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നു. ഒപ്പം എച്ച്‌ഐവിയുമായി ജീവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയും കൂടാതെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയവരെ അനുസ്മരിക്കുകയും ചെയ്യുന്നു.

Read Also: ആരോഗ്യമുള്ള ഹൃദയത്തിന് നിർബന്ധമായും കഴിക്കേണ്ട 3 ഭക്ഷ്യവസ്തുക്കൾ!

എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് എച്ച്‌ഐവി സാന്ദ്രത പൂജ്യത്തിലെത്തിക്കാന്‍ പ്രത്യേക പ്രചാരണ പദ്ധതിയാണ് കേരളം മുന്നോട്ട് വയ്ക്കുന്നത്. ലോക എയ്ഡ്‌സ് ദിനമായ ഇന്ന് മുതല്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ഒന്നായ് പൂജ്യത്തിലേക്ക് എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് എച്ച്‌ഐവി സാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എച്ച്‌ഐവി അണുബാധ സാന്ദ്രത ദേശീയ ശരാശരി 0.22 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 0.06 ശതമാനം മാത്രമാണ്‌. ഇത് പൂജ്യത്തിലെത്തിക്കുകയാണ് ഈ പദ്ധതി കൊണ്ട ലക്ഷ്യമാക്കുന്നത്.

എച്ച്‌ഐവിയെയും എയ്ഡ്സിനെയും തടയാനുള്ള പ്രധാന മാര്‍ഗം ബോധവത്കരണമാണ്. പരിശോധനകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. സുരക്ഷിതമായ ജീവിതരീതി പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വൈറസ് വ്യാപനം തടയാനുള്ള പ്രാധാന വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനാണ് എയ്ഡ്സ് ദിനാചരണത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

Story Highlights: World AIDS Day 2023