‘കാതൽ, വളരെ ശക്തവും അതേസമയം സൂക്ഷമവുമായ ചിത്രം’; തങ്കന് അഭിനന്ദന സന്ദേശവുമായി ഗൗതം മേനോൻ

January 8, 2024

മമ്മൂട്ടി – ജോ ബേബി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ കാതല്‍ തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു. കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസായ ചിത്രത്തിന് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണാണ് ലഭിക്കുന്നത്. സിനിമയുടെ മികച്ച ഉള്ളടക്കവും അഭിനേതാക്കളുടെ പ്രകടനവും തന്നെയാണ് ഈ വലിയ വിജയത്തിന് കാരണം. ( Gautham menon appreciates sudhi kozhikode Kaathal )

ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത അടക്കമുള്ള പ്രമുഖരും കേരളത്തിന് പുറത്തുനിന്നുള്ള അന്യഭാഷ കാഴ്ച്ചക്കാരും ഈ സിനിമയെ വാനോളം പുകഴ്ത്തുകയാണ്. രാജ് ബി ഷെട്ടി, ഹന്‍സല്‍ മെഹ്ത, ദിവ്യ ദര്‍ശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയന്‍ തുടങ്ങിയവരും കാതലിനെ അഭിനന്ദിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

കാതല്‍ കണ്ട ശേഷം സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് വാട്‌സാപ്പ് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോന്‍. ‘ഹായ് സുധി, ഞാന്‍ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങളും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ഒരു ചിത്രമാണിത്’. എന്നാണ് ഗൗതം മേനോന്‍ സുധിക്ക് വാട്‌സാപ്പില്‍ അയച്ച സന്ദേശം.

Read Also : ലോകത്തെങ്ങും പാട്ടാണ് കോഴിക്കോടിന്റെ ബിരിയാണിപ്പെരുമ ; മികച്ച രുചിപ്പട്ടികയിൽ വീണ്ടും പാരഗൺ

സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാലങ്ങളായി മമ്മൂട്ടി എന്ന നടന്‍ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങള്‍ മുന്നിലുണ്ടെങ്കിലും വരാനിരിക്കുന്നവയില്‍ കഴിഞ്ഞുപോയതിനേക്കാള്‍ മികച്ചത് ബാക്കിയുണ്ടെന്ന ഒരു ബോധപൂര്‍വമായ ചിത്രം കൂടിയാണ് കാതല്‍.

Story highlights : Gautham menon appreciates sudhi kozhikode Kaathal