ലോകത്തെങ്ങും പാട്ടാണ് കോഴിക്കോടിന്റെ ബിരിയാണിപ്പെരുമ ; മികച്ച രുചിപ്പട്ടികയിൽ വീണ്ടും പാരഗൺ

January 8, 2024

മലബാറിന്റെ രൂചിപ്പട്ടികയില്‍ ഒഴിച്ചുകൂടാനാത്ത പേരാണ് കോഴിക്കോട് നഗരത്തിലെ പാരഗണ്‍. ഈ ഹോട്ടലിലെ ബിരിയാണിപ്പെരുമ ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ മനസിലും ഇടംപിടിച്ചുവെന്ന് വീണ്ടും വീണ്ടും അടിവരയിട്ടുറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ക്രൊയേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തിലെ ഐതിഹാസിക റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോടിന്റെ സ്വന്തം പാരഗണ്‍. ഇതില്‍ അഞ്ചാം സ്ഥാനത്താണ് പാരഗണിന്റെ രുചിപ്പെരുമയുടെ സ്ഥാനം. ( Paragon Kozhikode ranked on world’s legendary restaurant list )

പാരഗണിലെ ബിരിയാണിയുടെ പെരുമ തന്നെയാണ് ലോകത്തെ ഭക്ഷണപ്രിയരുടെ മനസില്‍ ഇടം നല്‍കിയത്. ഇന്ത്യയിലെ റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനവും കോഴിക്കോടന്‍ രുചിക്ക് തന്നെയാണ്. കഴിഞ്ഞ തവണ പുറത്തുവന്ന പട്ടികയില്‍ പാരഗണിന് 11-ാം സ്ഥാനമായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ റെസ്റ്റോറന്റുകളാണ് ഇടംപിടിച്ചിട്ടുള്ളത്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. പരമ്പരാഗത മലബാര്‍ പാചകരീതിയുടെ വൈദഗ്ധ്യമാണ് പാരഗണിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ടേസ്റ്റ് അറ്റ്ലസ് അധികൃതര്‍ പറയുന്നത്. പാരഗണിലെ ബിരിയാണിയാണ് പരമ്പരാഗത മലബാര്‍ പാചകരീതിയുടെ നൈപുണ്യത്തിന് ഉദഹരണമായിട്ട് പറയുന്നത്.

ഗലൂട്ടി കബാബുകള്‍ക്ക് പേരുകേട്ട ലഖ്നൗവിലെ പ്രശസ്തമായ ടുണ്ടേ കബാബാണ് പാരഗണിന് തൊട്ടുതാഴെയായിട്ടുള്ളത്. കൊല്‍ക്കത്തയിലെ പീറ്റര്‍ ക്യാറ്റ് ആണ് ഇന്ത്യയില്‍ നിന്നുള്ള റെസ്റ്റോറന്റുകളില്‍ ആദ്യ പത്തിലിടം പിടിച്ച മറ്റൊരു ഭക്ഷണശാല. 1975-ല്‍ സ്ഥാപിച്ച പീറ്റര്‍ ക്യാറ്റ് ചെലോ കബാബുകള്‍ക്ക് പേരുകേട്ട ഭക്ഷണശാലയാണ്.

Read Also : രാത്രിയില്‍ എല്ലാം ഒതുക്കി വയ്ക്കും; ആളെ കണ്ടെത്താന്‍ വച്ച ക്യാമറയില്‍ പെട്ടത് ‘വൃത്തിക്കാരനായ എലി’

വിയന്നയിലെ ഫിഗില്‍മുള്ളര്‍ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെജന്‍ഡറി റെസ്റ്റോറന്റായി ടേസ്റ്റ് അറ്റ്ലസ് തെരഞ്ഞെടുത്തിരിക്കുന്നത്. 1905-ല്‍ വിയന്നയില്‍ സ്ഥാപിതമായ ഈ റെസ്റ്റോറിന്റിലെ ‘ഷ്നിട്സെല്‍ വീനര്‍ ആര്‍ട്ടാണ്’ ലോകത്തെ രുചിയുള്ള ഭക്ഷണങ്ങളില്‍ നമ്പര്‍ വണ്‍.

Story highlights : Paragon Kozhikode ranked on world’s legendary restaurant list