‘ബാലേട്ടനും കുട്ട്യോളും’; 20 കൊല്ലം മുൻപുള്ള ചിത്രം റിക്രിയേറ്റ് ചെയ്തപ്പോൾ!

January 21, 2024

ഇന്ന് സെലിബ്രിറ്റി ലോകത്ത് എല്ലാവരും കാത്തിരിക്കുന്ന വിവാഹമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റേയും. തീർത്തും അപ്രതീക്ഷിതമായി ആരാധകർക്കിടയിൽ എത്തിയ വാർത്തയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നുള്ളത്. വ്യത്യസ്തമായ അവതരണശൈലി കൊണ്ടും അഭിനയം കൊണ്ടും തന്റേതായൊരു സ്ഥാനം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ ജിപിക്ക് സാധിച്ചു. ബാലതാരമായി സിനിമയിലെത്തിയ ഗോപിക ടെലിവിഷൻ സീരിയലിലൂടെ വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. (Gopika Anil’s picture from Balettan recreated after 20 years)

ഇപ്പോഴിതാ, വിവാഹ തീയതി വരെ തീരുമാനിച്ച വേളയിൽ ഇരുവരും കല്യാണ തിരക്കുകളിലാണ്. ഈ മാസം 28-ന് നടക്കാനിരിക്കുന്ന വിവാഹത്തിന് വിശിഷ്ടാതിഥികളെ ഉൾപ്പടെ ക്ഷണിക്കാൻ ഇരുവരും ഒരുമിച്ച് പോകുന്നു എന്നതും പ്രസക്തം. ഏറ്റവും ഒടുവിലായി സാക്ഷാൽ മോഹൻലാലിനെ വിവാഹം ക്ഷണിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്.

20 വർഷങ്ങൾക്ക് മുൻപ്, ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മക്കളായി വേഷമിട്ടത് ഗോപികയും അനുജത്തി കീർത്തനയുമാണ്. ബാലേട്ടന് ശേഷം പിന്നീട് ഗോപിക മോഹൻലാലിനെ കണ്ടിട്ടില്ല. ലാലേട്ടനെ കാണണം എന്ന ആഗ്രഹം പലപ്പോഴായി ഗോപിക പങ്കുവെച്ചിട്ടുണ്ടെന്ന് ജിപി പറയുന്നു. അങ്ങനെയാണ് ഗോപികയ്ക്ക് വൻ സർപ്രൈസ് നൽകി ജിപി കൂടിക്കാഴ്ച ഒരുക്കിയത്.

Read also: ‘ബാലേട്ടന്റെ കുട്ടികളൊക്കെ വളർന്നു’; വിവാഹത്തിന് ലാലേട്ടന്റെ അനുഗ്രഹം വാങ്ങി ജിപിയും ഗോപികയും

കാലങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ 20 വർഷങ്ങൾക്ക് മുൻപ് ചിത്രത്തിനായി മോഹൻലാലിനൊപ്പം പകർത്തിയ ഗോപികയുടെയും കീർത്തനയുടെയും ചിത്രം റിക്രിയേറ്റ് കൂടി ചെയ്തപ്പോൾ സംഗതി വീണ്ടും കളറായി. ഏറെ സന്തോഷകരമായ നിമിഷമായിരുന്നു അത് എന്ന് ജിപി പറയുന്നു.

ജിപി തന്നെയാണ് വിശേഷങ്ങൾ പറഞ്ഞ് തന്റെ യൂട്യൂബ് ചാനലിൽ വിഡിയോ പങ്കുവെച്ചത്. വിവാഹത്തിന് മോഹൻലാൽ ഉണ്ടാകുക എന്നത് വലിയ ആഗ്രഹമായിരുന്നു എന്നും എന്നാൽ അന്നേ ദിവസം അദ്ദേഹം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരിക്കുമെന്നതിനാലാണ് വീട്ടിൽ പോയി ക്ഷണിക്കാൻ തീരുമാനമെടുത്തതും.

ദക്ഷിണ നൽകി ലാലേട്ടന്റെ അനുഗ്രഹവും വാങ്ങിയാണ് ഇരുവരും മടങ്ങിയത്. ലാലേട്ടനുമൊത്ത് കുട്ടികൾ വിശേഷങ്ങൾ പറയുന്നതും വിഡിയോയിൽ കാണാം. എന്തായാലും ബാലേട്ടന്റെയും കുട്ടികളുടെയും കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് കമെന്റുകളിൽ അഭിപ്രായങ്ങൾ അറിയിച്ചിരിക്കുന്നത്.

Story highlights: Gopika Anil’s picture from Balettan recreated after 20 years