സംഗീതത്തെക്കാൾ മുൻഗണന അഭിനയത്തിന്; സെലീന ഗോമസ് മ്യൂസിക് കരിയർ നിർത്തുന്നുവോ..?

January 3, 2024

സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന സൂചനയുമായി പോപ് ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ്. ജേസൺ ബേറ്റ്‌മാൻ, സീൻ ഹെയ്‌സ്, വിൽ ആർനെറ്റ് എന്നിവരുടെ സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇനി പുറത്തിറങ്ങാനിരിക്കുന്ന സംഗീത ആല്‍ബം തന്റെ കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നാണ് ഗായിക പറയുന്നത്. ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്‌ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേര്‍ത്തു. അതായത് സംഗീതത്തേക്കാള്‍ കുടുതല്‍ അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്. ( Selena Gomez Retiring From Music )

സെലീന ഒരു അനുഗ്രഹീത ഗായികയാണെന്നും അതുകൊണ്ട് ഒരു മേഖലയില്‍ മാത്രം സ്വയം പരിമിതപ്പെടുത്തരുതെന്നും അവതാരകര്‍ പറഞ്ഞെങ്കിലും തനിക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും താന്‍ ക്ഷീണിതയാണെന്നും സെലീന ഗോമസ് പറഞ്ഞു. ഇനി തന്റെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുമെന്നും അഭിമുഖത്തില്‍ സെലീന കൂട്ടിച്ചേര്‍ത്തു. സെലീന തമാശ പറഞ്ഞതാകണേ എന്നാണ് എക്സിലെ ഒരുകൂട്ടം സെലീന ഗോമസ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

കരിയറിലെ അവസാനത്തെ ആല്‍ബമാണ് ഇനി വരാനിരിക്കുന്നതെങ്കില്‍ അതൊരു ഭീകര സംഭവമായിരിക്കുമെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. നഷ്ടം മ്യൂസിക് ഇന്‍ഡസ്ട്രിക് ആയിരിക്കില്ലെന്നും അത് സെലീനയ്ക്ക് മാത്രമായിരിക്കുമെന്നും മറ്റുചിലരുടെ അഭിപ്രായം. സംഗീതത്തിനും അഭിനയത്തിനുമൊപ്പം സെലീന ‘റെയര്‍ ബ്യൂട്ടി’ എന്ന ഒരു കോസ്മെറ്റിക്സ് ബ്രാന്‍ഡ് കൂടി വിജയകരമായി നടത്തിവന്നിരുന്നു.

Read Also : ബോളിവുഡിൽ വീണ്ടും താരവിവാഹം; നടി രാകുൽ പ്രീത് സിങ്ങ് വിവാഹിതയാകുന്നു

നേരത്തെ 2021-ലും സമാനമായ രീതിയില്‍ സംഗീത കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. പ്രമുഖ ഫാഷന്‍ മാഗസിനായ ‘എല്ലെ’യുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. അതിനുശേഷം നിരവധി ഗാനങ്ങള്‍ താരം പുറത്തിറക്കിയിരുന്നു.

Story highlights : Selena Gomez Retiring From Music