ബാഗ് എത്താൻ വൈകി; എയർപോർട്ടിനെ സ്റ്റേജാക്കി ശിവമണിയുടെ ‘ഹമ്മ ഹമ്മ’ പ്രകടനം!

January 18, 2024

കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്നൊക്കെ പറയുമെങ്കിലും എല്ലാ കാത്തിരിപ്പുകളും അത്ര രസമുള്ളതല്ല. ബസിനും ട്രെനിനുമൊക്കെ കാത്തിരിക്കേണ്ടി വരുന്നത് നമ്മളിൽ പലരുടെയും ക്ഷമ നശിപ്പിക്കാറുണ്ട്. എന്നാൽ ഈ കാത്തിരിപ്പ് പെട്ടന്ന് വിനോദമായി മാറിയാലോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്നലെ കൊച്ചി എയർപോർട്ടിൽ ലഗേജ് കാത്തുനിന്ന യാത്രക്കാർക്ക് മുന്നിൽ ഒരുങ്ങിയത് അപ്രതീക്ഷിതമായ ഒരു സംഗീത കച്ചേരിയായിരുന്നു. അത് നയിച്ചതാകട്ടെ പ്രശസ്ത ഡ്രമ്മർ ശിവമണിയും. (Shivamani’s performance at Kochi airport goes viral)

ശിവമണി ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർ 40 മിനിറ്റിലധികമായി കൺവെയർ ബെൽറ്റിനരികെ ബാഗിനായി കാത്തു നിൽക്കുകയായിരുന്നു. സമയം ഏറെ കടന്ന് പോയിട്ടും ലഗേജ് എത്തുന്ന ലക്ഷണമൊന്നും കണ്ടില്ല. അപ്പോഴാണ് അതേ ഫ്ലൈറ്റിലുണ്ടായിരുന്ന ഡ്രമ്മർ ശിവമണി ആളുകളെ രസിപ്പിക്കാൻ തീരുമാനിച്ചത്.

തന്റെ ഡ്രംസ്റ്റിക് കൺവെയർ ബെൽറ്റിന്റെ റെയിലിംഗിൽ പതിച്ച് ശിവമണി എ ആർ റഹ്മാന്റെ ‘ഹമ്മ ഹമ്മ’ പാട്ടിന്റെ ബീറ്റുകൾ വായിക്കാൻ തുടങ്ങി. സഹയാത്രികയായ ശീതൾ മേത്ത ഈ പ്രകടനം ഫോണിൽ പകർത്തുകയും X-ൽ പങ്കുവെക്കുകയും ചെയ്തു. “ഞങ്ങൾ കൊച്ചി എയർപോർട്ടിൽ ഇറങ്ങി 40 മിനിറ്റ് കഴിഞ്ഞു. ബാഗുകൾ പുറത്തുവരാൻ കാത്തിരിക്കുകയാണ്. പ്രകോപിതരാകുന്നതിനുപകരം ഒരു സഹയാത്രികൻ ഞങ്ങളെ രസിപ്പിക്കുകയാണ്”, ശീതൾ കുറിച്ചു.

Read also: ആശങ്കകൾ അകലെ; ബേസിലിന്റെ ബോളിവുഡ് അരങ്ങേറ്റം ഉറപ്പാണ്!

17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വിഡിയോ കണ്ട ശേഷം ആളുകൾ സഹയാത്രികർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ച കലാകാരനെ പ്രശംസിച്ചു. ശിവമണിയെ വെറും സഹയാത്രികൻ എന്ന് വിളിച്ച ട്വിറ്റർ ഉപയോക്താവിനെ ചിലർ തിരുത്തുകയും ചെയ്തു. ”അത് ഏതെങ്കിലും സഹയാത്രികൻ മാത്രമല്ല. അതാണ് ശിവമണി സർ. നിങ്ങൾക്ക് സൗജന്യമായി അദ്ദേഹത്തിന്റെ പ്രകടനം കാണാൻ ഭാഗ്യം ലഭിച്ചു.” താരപ്പകിട്ടൊന്നും പ്രകടമാക്കാത്ത അദ്ദേഹത്തിന്റെ എളിമയെയും ആളുകൾ പുകഴ്ത്തി.

Story highlights: Shivamani’s performance at Kochi airport goes viral