421 കിലോമീറ്റർ റേഞ്ച്; വില 10.99 ലക്ഷം രൂപ മുതൽ; ഇലക്ട്രിക് വാഹനവിപണിയില്‍ ടാറ്റയുടെ ‘പഞ്ച്’
ടാറ്റ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് ഇ.വി അവതരിപ്പിച്ചു. സ്റ്റാന്റേഡ് റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റിലായാണ് പഞ്ച് വിപണിയിലെത്തുന്നത്. 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നി അഞ്ച് വേരിയന്റുകളാണ് ഉള്ളത്. ( Tata motors launch Punch EV price and features )
35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റര്‍ ദൂരവുമാണ് കമ്പനി അവകാശപ്പെടുന്നത്. പഞ്ച് ഇ.വി മോഡല്‍ ശ്രേണിയില്‍ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഉള്ളത്.
സീവീഡ് ഡ്യുവല്‍ ടോണ്‍, എംപവേര്‍ഡ് ഓക്സൈഡ് ഡ്യുവല്‍ ടോണ്‍, ഫിയര്‍ലെസ് റെഡ് ഡ്യുവല്‍ ടോണ്‍, ഡേടോണ ഗ്രേ ഡ്യുവല്‍ ടോണ്‍, പ്രിസ്റ്റൈന്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളാണ് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനുള്ളത്. പൂര്‍ണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവര്‍ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
Read Also : ആശങ്കകൾ അകലെ; ബേസിലിന്റെ ബോളിവുഡ് അരങ്ങേറ്റം ഉറപ്പാണ്!
നെക്സോണ്‍ ഇ.വിയിലെ നിരവധി ഫീച്ചറുകള്‍ പഞ്ച് ഇ.വിയിലും കാണാം.10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവയോടൊപ്പം വയര്‍ലസ് ചാര്‍ജിങ് പാഡ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ക്രൂയിസ് കണ്ട്രോള്, ബ്ലൈന്‍ഡ് സ്പോട് മോണിറ്റര്‍, ആറു എയര്‍ബാഗുകള്‍ എന്നിവയും പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നു.
Story highlights : Tata motors launch Punch EV price and features