‘മലയാളത്തിന്റെ സ്വന്തം മുത്തശ്ശി’; സുബ്ബലക്ഷ്മിയുടെ അപൂർവ ചിത്രങ്ങൾ പങ്കുവച്ച് താര കല്യാൺ

January 16, 2024

മുത്തശ്ശി വേഷങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന അഭിനേത്രിയും സംഗീതജ്ഞയുമാണ് കഴിഞ്ഞ വര്‍ഷം അന്തരിച്ച സുബ്ബലക്ഷ്മി. അമ്മയുടെ വേര്‍പാടിന് ശേഷം നിരവധി മനോഹരമായ മുഹൂര്‍ത്തങ്ങള്‍ മകളും നടിയുമായ താര കല്യാണ്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ അമ്മയുടെ അപൂര്‍വ്വമായ പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താര കല്യാണ്‍. സുബ്ബലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തില്‍ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ( Thara Kalyan shares rare photos of Subbalakshmi )

അവിസ്മരണീയമായ നിരവധി പ്രകടനങ്ങളാല്‍ സമ്പന്നമായ ഒരു യാത്ര 2002-ല്‍ ആയിരുന്നു സുബ്ബലക്ഷ്മി ആരംഭിച്ചത്. താര കല്യാണിനൊപ്പം ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ നടന്‍ സിദ്ധിക്കിനെ പരിചയപ്പെടുന്നതിലൂടെയാണ് ‘നന്ദനം’ സിനിമയില്‍ അവസരം ലഭിക്കുന്നത്. പിന്നീടങ്ങോട്ട് അതിമനോഹരമായ ആ പുഞ്ചിരിയിലൂടെ തന്റേതായ വ്യതിരിക്തമായ ശൈലി രൂപപ്പെടുത്തിയ മുത്തശ്ശി, ചിരിയുടെയും നര്‍മത്തിന്റെയും ഒരു പാരമ്പര്യം അവശേഷിപ്പിക്കുന്നു.

നന്ദനത്തിലെ അടങ്ങാത്ത വിശപ്പുള്ള അമ്മൂമ്മ മുതല്‍ കല്യാണരാമനിലെ നാണം കുണുങ്ങി കഥാപാത്രം വരെ പ്രേക്ഷകരുടെ മനസില്‍ ഒരു ചിരി നിറച്ച് സുബ്ബലക്ഷ്മിയുടെ വേഷങ്ങള്‍ മലയാളികളുടെ മനസില്‍ അവശേഷിക്കുന്നു. പാണ്ടിപ്പട, രാപ്പകല്‍ എന്നീ ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also : മലയാളത്തിന്റെ ഒരേയൊരു നിത്യഹരിതനായകൻ; ഓർമയായിട്ട് 35 വർഷങ്ങൾ!

തിരുവനന്തപുരം സ്വദേശിനിയായ മലയാളത്തിന്റെ സ്വന്തം മുത്തശ്ശി, അവരുടെ കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ച തുടങ്ങിയിരുന്നു. ഏകദേശം 27 വര്‍ഷത്തോളം ജവഹര്‍ ബാലഭവനില്‍ സംഗീതാധ്യാപികയായി ജോലി ചെയ്തിരുന്നു. ആകാശവാണിയിലും പ്രവര്‍ത്തിച്ചിരുന്ന സുബ്ബലക്ഷ്മി ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് അഭിനയ ലോകത്തേക്ക് ചുവടുവച്ചത്.

Story highlights : Thara Kalyan shares rare photos of Subbalakshmi