19 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; ജന്മനാ വേർപിരിഞ്ഞ ഇരട്ടസഹോദരിമാരെ ഒന്നിപ്പിച്ചത് ടിക്ടോക്!
സോഷ്യൽ മീഡിയ ഇന്ന് മനുഷ്യന്റെ ചിന്തയെയും വളർച്ചയെയും കാര്യമായി ബാധിക്കുന്നു എന്ന ചർച്ചകൾ നാലുപാടും സജീവമാണ്. എന്നാൽ അവിചാരിതമായ ഒരു കണ്ടുമുട്ടലിന് ഇതേ സോഷ്യൽ മീഡിയ വേദിയാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. വെറും കണ്ടുമുട്ടലല്ല, കണ്ടുമുട്ടിയത് ഒരേ ഗർഭപാത്രം പങ്കിട്ട ഇരട്ട സഹോദരിമാരാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏവരും അമ്പരപ്പോടെ കേട്ട വാർത്തകളിൽ ഒന്നായിരുന്നു ഇത്. (Twins separated at birth find each other through Tiktok)
ജനിച്ചയുടൻ രണ്ടു കുടുംബങ്ങളിലേക്ക് പിരിഞ്ഞു പോയ ജോർജ്ജിയക്കാരായ ആമി ഖ്വിതിയ, ആനോ സർറ്റാനിയ എന്നീ സഹോദരിമാർ ഒരേ നഗരത്തിൽ വർഷങ്ങളോളം ജീവിച്ചിട്ടും ഒടുവിൽ കണ്ടുമുട്ടിയത് ടിക്ടോക് വിഡിയോയിലൂടെ.
ആമിയുടെ ഇഷ്ടപ്പെട്ട ടിവിഷോയാണ് ‘ജോർജിയാസ് ഗോട്ട് ടാലന്റ്.’ ആ ഷോയിലാണ് കാണാൻ അവളെ പോലെയുള്ള നന്നായി നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയെ ആമി കാണുന്നത്. എന്നാൽ അന്ന് കണ്ട പെൺകുട്ടി തന്റെ ഇരട്ട സഹോദരിയാണെന്ന് ആമിക്ക് ബോധ്യമായിരുന്നില്ല. അതേസമയമാണ് ആനോയ്ക്ക് വൈറലായ ഒരു ടിക് ടോക് വിഡിയോ ലഭിക്കുന്നത്. കാണാൻ തന്നെപ്പോലെ തന്നെയുള്ള നീല മുടിയുള്ള ഒരു പെൺകുട്ടിയായിരുന്നു വിഡിയോയിൽ. ഇരുവരുടെയും വേർപാടിന്റെ ചുരുളഴിയുന്നത് അവിടെ നിന്നാണ്.
Read also: മുത്തശ്ശിയുടെ ഡയറി കയ്യിലെത്തി; യുവതിക്ക് തിരികെ കിട്ടിയത് കാണാമറയത്തെ കുട്ടിക്കാലം!
ബിബിസിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2002-ൽ ജനനസമയത്തെ സങ്കീർണതകൾ കാരണം ഇരുവരുടെയും അമ്മ അസാ ഷോണി കോമയിലേക്ക് വീണു. ഈ സമയത്ത്, അവരുടെ പിതാവ് ഗോച്ച ഗഖാരിയ നവജാതശിശുക്കളെ വിൽക്കാൻ തീരുമാനിച്ചു.
ഇങ്ങനെയാണ് തനിക്കൊരു ഇരട്ട സഹോദരിയുണ്ട് എന്നറിയാതെ ആമി സുഗ്ഡിഡിയിലും, അനോ ടിബിലിസിലും വളർന്നത്. അവരെ ദത്തെടുത്ത കുടുംബങ്ങൾക്കും ഈ കാര്യങ്ങൾ അറിയുമായിരുന്നില്ല. പതിനൊന്നാം വയസ്സിൽ ഒരു നൃത്തമത്സരത്തിൽ വെച്ച് കണ്ടുമുട്ടിയ ആമിക്കും ആനോയ്ക്കും പരസ്പരം സാമ്യത തോന്നിയെങ്കിലും തമ്മിൽ തിരിച്ചറിഞ്ഞില്ല.
കാലങ്ങൾക്കു ശേഷം ഉണ്ടായ ഈ കൂടിക്കാഴ്ച ജോർജിയയിൽ നിലനിൽക്കുന്ന നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്നതും വിൽക്കുന്നതുമായ ഗൗരവമേറിയ സംഭവങ്ങളിലേക്കാണ് നയിക്കുന്നത്. സംഭവത്തിന് പിന്നിലുള്ളവരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
Story highlights: Twins separated at birth find each other through Tiktok