പ്രതീക്ഷ നിറഞ്ഞ ഒരു വർഷം’; ഹോപ്പിന്റെ ഒന്നാം പിറന്നാൾ ആ​ഘോഷിച്ച് ബേസിലും എലിസബത്തും

February 17, 2024

മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം സംവിധാനം ചെയ്ത് അരങ്ങേറിയ താരം ചെറിയ വേഷങ്ങളിലൂടെ വളരെ പെട്ടന്നായിരുന്നു നായകവേഷത്തിലേക്ക് ചുവടുവച്ചത്. ബേസിലിനെ പോസ്റ്ററിൽ കണ്ടാൽ വിശ്വസിച്ച് പടത്തിന് കയറാം എന്നൊരു ഫീൽ പ്രേക്ഷകരിൽ ഉണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ ബേസിൽ എന്ന നടനിൽ നിന്നും സംവിധായകനിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ തന്നെയാണ് പ്രേക്ഷകരെ അത്തരത്തിലൊരു തോന്നലിലേക്ക് എത്തിച്ചിട്ടുള്ളതെന്ന് നിസംശയം പറയാം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് തിയേറ്ററുകളിൽ നിറഞ്ഞോടിയ കുടുംബചിത്രം ഫാലിമി. ( Basil Joseph shared his daughter’s birthday celebration )

അതോടൊപ്പം തന്നെ 2021-ൽ പുറത്തിറങ്ങിയ മിന്നൽ മുരളി മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. മലയാള സിനിമയ്ക്ക് ഏറെ പുതുമയുള്ള ഒരു സൂപ്പർഹീറോ സിനിമയായി ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൂപ്പർഹീറോ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ബേസിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വേ​ഗത്തിൽ വൈറലാകാറുമുണ്ട്. ഇന്ന് ബേസിൽ പങ്കുവച്ച ഒരു വീ‍ഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബേസിലിന്റെ മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിട്ടുള്ളത്. ‘പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു ‘ഹോപ്പിൻ്റെ’ ഒന്നാം ജന്മദിനം സന്തോഷത്തോടെ ആഘോഷിച്ചു’ – എന്ന ക്യാപ്ഷനോടെയാണ് ബേസിൽ വീ‍ഡിയോ പങ്കുവച്ചിട്ടുള്ളത്. സെലിബ്രിറ്റി താരങ്ങൾ അടക്കം നിരവധിയാളുകളാണ് വീഡിയോയുടെ ആശംസകളുമായി എത്തിയിട്ടുള്ളത്.

Read Also : “ഇത്തവണ ആശാനിട്ട് തന്നെയാകാം”; ബേസിലിനെ അനുകരിച്ച് ‘മിന്നൽ മുരളി’ താരങ്ങൾ

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് തനിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Story highlights : Basil Joseph shared his daughter’s birthday celebration