പതിമൂന്നാം വയസിൽ മുടി നരച്ചു; പരിഹാസങ്ങൾ താണ്ടി അതേമുടിയിലൂടെ ലോകശ്രദ്ധ നേടിയ യുവതി!

February 29, 2024

തലമുടിയിൽ ഒരു നരവീണാൽ അത്രത്തോളം വിഷാദം അനുഭവിക്കുന്നവരാണ് എല്ലാവരും. യുവത്വത്തിലും മധ്യവയസിലുമെല്ലാം ക്ഷണിക്കാതെ കയറിവരുന്ന നര സമ്മാനിക്കുന്ന ആത്മവിശ്വാസക്കുറവ് ചെറുതല്ല. എങ്കിൽ നിങ്ങളുടെ കൗമാരപ്രായത്തിൽ നരച്ചുതുടങ്ങിയാലോ? നിങ്ങൾക്ക് ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരും, അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിമർശനാത്മകമായ ചില പരാമർശങ്ങൾ സഹിക്കേണ്ടിവരും.

എന്നാൽ 13 വയസ്സ് മുതൽ മുടി നരച്ചുതുടങ്ങിയതാണ് അന്ന ഷെപ്പേർഡ് എന്ന യുവതി. അന്നുമുതൽ അവർ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. പക്ഷെ അങ്ങനെ നരയുടെ പേരിൽ അന്നയെ തളർത്താൻ ആർക്കും സാധിക്കില്ലായിരുന്നു.പതുക്കെ തന്റെ നീളമുള്ള മുടി 5 അടി നീളത്തിൽ വളർത്തിക്കൊണ്ട് അന്ന വെല്ലുവിളികളെ അതിജീവിച്ചു. ഇപ്പോൾ 30 വയസ്സുള്ള അന്ന ഒരു വൈറൽ താരമാണ്.

ഹംഗറിയിൽ നിന്നുള്ള അന്ന ഷെപ്പേർഡ്, തന്റെ കൗമാരപ്രായത്തിൽ തന്നെ മുടി നരച്ചതിൽ വല്ലാതെ വേദനിച്ചിരുന്നു. സ്‌കൂളിലെ മറ്റ് കുട്ടികൾ ‘ക്രൂവല്ല’ എന്ന് വിളിക്കുക പതിവായിരുന്നു. എന്നാൽ നിരന്തരമായ പരിഹാസം അന്നയെ തളർത്തിയില്ല. പകരം, അവൾ പതിയെ നാടോടിക്കഥകലെ നീണ്ട നരച്ച മുടിയുള്ള സ്ത്രീകളുടെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു.

Read also: അമ്മയ്ക്ക് ഇത് മധുരപ്പതിനേഴ്- നാല് വർഷത്തിലൊരിക്കൽ മാത്രമുള്ള പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

അഞ്ചടിയോളം വളർന്ന മുടിയിലൂടെ ഇന്ന് സമൂഹമാധ്യമങ്ങളിൽ താരമാണ് അന്ന. ഒരു നാടോടിക്കഥയിലെ നായികയെ അനുസ്മരിപ്പിക്കുകയാണ് ഇവർ. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ഫോളോവേഴ്‌സുമായി താരമായിരിക്കുകയാണ് അന്ന. മുടിയുടെ ആരോഗ്യരഹസ്യവും അന്ന പങ്കുവെച്ചിരുന്നു. മുടി പരിപാലിക്കാൻ അസാധാരണമായ ഒരു പതിവ് പിന്തുടരുകയാണ് അന്ന. മാസത്തിൽ ഒരിക്കൽ മാത്രമാണ് മുടി കഴുകുന്നത്. ചീപ്പ് ഉപയോഗിക്കുന്നത് വിരളമാണ്.

Story highlights- Model having grey hair at age 13