‘മനുഷ്യനെ കാർന്ന് തിന്നുന്ന നിശബ്ദ കൊലയാളി’; ലോക ക്യാൻസർ ദിനം നമ്മെ ഓർപ്പിക്കുന്നത്!
ഇന്ന് ലോക ക്യാൻസർ ദിനം. ലോകമെമ്പാടും ആളുകളുടെ ജീവനെടുക്കുന്ന മാരകമായ രോഗങ്ങളിൽ ഏറ്റവും പ്രധാനിയാണ് ക്യാൻസർ. പ്രാരംഭ ഘട്ടങ്ങളിൽ പലപ്പോഴും കണ്ടെത്താനാകാത്ത ഒരു നിശബ്ദ കൊലയാളി കൂടെയാണ് ഈ രോഗം. പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ കണ്ട് വരുമ്പോഴേക്കും രക്ഷപെടാൻ കഴിയാത്ത വിധത്തിൽ സ്ഥിതി വഷളായിട്ടുണ്ടാകും. അതുകൊണ്ട് തന്നെ, രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് ഈ വിപത്തിനെ അതിജീവിക്കാനുള്ള ഏറ്റവും പ്രാധാന മാർഗം. (World Cancer Day 2024)
2000 ഫെബ്രുവരി 4 ന് പാരീസിൽ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള ക്യാൻസറിനെതിരായ ലോക ഉച്ചകോടിയിലാണ് ആദ്യമായി ലോക ക്യാൻസർ ദിനം ആചരിച്ചത്. ഈ പാരീസ് ചാർട്ടറിൻ്റെ ദൗത്യങ്ങൾ ഗവേഷണം പ്രോത്സാഹിപ്പിക്കുക, ക്യാൻസർ തടയുക, രോഗികൾക്ക് അവശ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, ക്യാൻസറിനെതിരെ പുരോഗതി കൈവരിക്കുന്നതിന് ആഗോള സമൂഹത്തെ അണിനിരത്തുക എന്നിവയായിരുന്നു.
‘കൂട്ടായി അധികാരത്തിലുള്ളവരെ വെല്ലുവിളിക്കുന്നു’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ ദിനത്തിന്റെ പ്രമേയം. ക്യാൻസർ പ്രതിരോധത്തിലും പരിചരണത്തിനും മുൻതൂക്കം നൽകി ഒരു ക്യാൻസർ രഹിത ലോകം കൈവരിക്കുക എന്ന ആവശ്യം നേതാക്കളിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Read also: ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
നമ്മുടെ രാജ്യത്താകട്ടെ, രോഗം ഉയർന്നുവരുന്ന പ്രവണത തന്നെയാണ് കാണിക്കുന്നത്. ഗ്ലോബൽ ക്യാൻസർ ഒബ്സർവേറ്ററിയുടെ (GLOBOCAN) കണക്കനുസരിച്ച്, 2020-ൽ ലോകത്താകമാനം 19.3 ദശലക്ഷം കേസുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ക്യാൻസർ കേസുകൾ 2 ദശലക്ഷമായി ഉയരുമെന്ന് പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. 2050 ഓടെ ആഗോളതലത്തില്‍ ക്യാൻസർ കേസുകളില്‍ 75 ശതമാനം വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയും സമർപ്പിച്ചിരുന്നു.
അമിതമായ മദ്യപാനം, പൊണ്ണത്തടി, തെറ്റായ ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ പല അര്‍ബുദങ്ങൾക്കും കാരണമാകാറുണ്ട്. ചില ആളുകളിൽ ജനിതകപരമായി ക്യാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകൾക്ക് കൂടുതൽ അപകടസാധ്യതയുണ്ട്. ചില അണുബാധകളും ക്യാൻസറിന് കാരണമാകാം.
Story highlights: World Cancer Day 2024