‘മൂന്നടി മാത്രമുള്ളവനൊന്നും ഡോക്ടറാകാൻ കഴിയില്ല’; അവഗണിച്ചവർക്ക് മുന്നിൽ ഡോക്ടറായി കാണിച്ചുകൊടുത്ത് ഗണേഷ്

March 8, 2024

ഉയരക്കുറവ് കാരണം വിഷമിക്കുന്ന നിരവധിയാളുകളെ നമുക്കിടയില്‍ കാണാനാകും. കുട്ടിക്കാലം മുതല്‍ സമപ്രായക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമുള്ള പരിഹാസച്ചുവയുള്ള വാക്കുകള്‍ കൂടെയാകുമ്പോള്‍ അവര്‍ തളര്‍ന്നുപോകുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരു മാതൃക കാണിച്ചുതരാം.. ഉയരമില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയവര്‍ക്ക് മുന്നില്‍ വിജയം നേടി മറുപടി നല്‍കിയിരിക്കുകയാണ് ഗുജറാത്തുകാരനായ ഗണേഷ് ബരയ്യ. ( 3 ft tall Ganesh Baraiya doctor from gujarat )

ഡോക്ടര്‍ ആവുക എന്നതായിരുന്നു ഗണേഷ് ബരയ്യയുടെ സ്വപ്നം. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ഉയരം തന്നെയായിരുന്നു പ്രശ്‌നം. മൂന്നടിയാണ് ഗണേഷിന്റെ ഉയരം. തന്റെ സ്വപ്‌നം നേടിയെടുക്കാന്‍ പരിശ്രമിച്ച ഗണേഷിനെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് അധികൃതര്‍ മാറ്റിനിര്‍ത്തുക കൂടി ചെയ്തു. ഇതോടെ നിയമപോരാട്ടത്തിനൊടുവിലാണ് എല്ലാവര്‍ക്കും മുന്നില്‍ വിജയിച്ചുകാണിച്ചത്.

ഈ ഉയരക്കുറവ് കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗണേഷിന് എംബിബിഎസ് പ്രവേശനം നിഷേധിച്ചു. ഇത്രയും ഉയരം കുറഞ്ഞ ഒരാള്‍ക്ക് അടിയന്തിരസാഹചര്യങ്ങളില്‍ ആളുകള്‍ക്ക് ആവശ്യമായ ചികിത്സയോ സഹായങ്ങളോ നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു പ്രവേശന വിലക്കിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ അവഗണനയ്ക്ക് മുന്നില്‍ തന്റെ സ്വപ്‌നം ത്യജിക്കാന്‍ ഗണേഷ് ഒരുക്കമായിരുന്നില്ല. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് മനസിലുറപ്പിച്ച അദ്ദേഹം അതിനായി നിയമപോരാട്ടത്തിന് ഇറങ്ങാന്‍ തീരുമാനിച്ചു. ഇതിനായി തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും, ജില്ല കലക്ടറേയും വിദ്യാഭ്യാസ മന്ത്രിയേയും വരെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു.

പിന്നാലെ, ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ അതിന് മുമ്പിലും തോറ്റ് പിന്‍മാറാന്‍ ഗണേഷ് തയ്യാറായില്ല. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സൂപ്രീം കോടതിയെ സമീപിച്ച ഗണേഷ് 2018-ല്‍ അനുകൂലമായ വിധി നേടിയെടുത്തു. കേസിന്റെ വിധി വന്നപ്പോഴേക്കും ആ വര്‍ഷത്തെ എംബിബിഎസ് പ്രവേശനം പൂര്‍ത്തിയായിരുന്നു. അങ്ങനെ, 2019 -ല്‍ ഭാവ്‌നഗറിലെ ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം നേടിയ അദ്ദേഹം തന്റെ പഠനം വിജയകരമായി പൂര്‍ത്തിയാക്കി.

Read Also : ‘അഭിമാനത്തോടെ എൻ്റെ ആന്റി പത്മിനി അമ്മ’- ന്യൂയോർക്ക് നഗരത്തിലെ നൃത്ത ഓർമ്മകളിൽ ശോഭന

എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഡോ. ഗണേഷ് ബരയ്യ ഭാവ്‌നഗറിലെ സര്‍-ടി ആശുപത്രിയില്‍ ഇന്റേണ്‍ ആയും ജോലി ചെയ്യുകയാണ്. ആദ്യമായി തന്നെ കാണുന്ന രോഗികള്‍ തന്റെ ഉയരം കാരണം അതിശയത്തോടെയും പരിഭ്രമത്തോടെയും നോക്കാറുണ്ടായിരുന്നു. എന്നാല്‍, കുറച്ച് സമയത്തിനുള്ളില്‍ തന്നെ അവര്‍ വളരെ സൗഹാര്‍ദ്ദപരമായും പോസിറ്റീവോടെയും പെരുമാറാന്‍ തുടങ്ങും. അവര്‍ തന്റെ ചികിത്സയില്‍ സംതൃപരാണെന്നും ഗണേഷ് പറയുന്നു.

Story highlights : 3 ft tall Ganesh Baraiya doctor from gujarat