വൈദ്യുതിയും കാറുകളും ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ല; ഇതിലും ലളിതമായെങ്ങനെ ഈ യന്ത്രലോകത്തില് ജീവിക്കും…
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചോളവയലുകൾ.. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി. ഇരുവശങ്ങളിലും പരന്നുകിടക്കുന്ന പുൽമേടുകളിൽ മേയുന്ന കുതിരകളും ചെമ്മരിയാടുകളും. റോഡുകളിൽ കൂടുതലായും കാണപ്പെടുന്നത് കുതിര വണ്ടികൾ മാത്രം.. എങ്ങും രണ്ട് മൂന്ന് നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ച പ്രതീതി. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തിലെ ലാൻകസ്റ്ററിൽ നിന്നുള്ള കാഴ്ചയാണിത്. ( History of the Amish community in America )
ലോകം ഇന്ന് ആധുനിക ജീവിതരീതിയും സാങ്കേതിക വിദ്യയുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ അതിൽ നിന്നെല്ലാം വിട്ടുമാറി വ്യത്യസ്തമായ ജീവിത ശൈലി പിന്തുടരുന്ന സമൂഹമായ ആമിഷ് വിഭാഗക്കാരാണ് ഇവിടെ ജീവിക്കുന്നത്. പ്രകൃതിയെ ആശ്രയിച്ച് ലളിതജീവിതം നയിക്കുന്നവരാണ് ആമിഷുകൾ.
ആമിഷ് വിഭാഗക്കാർ അമേരിക്കയിൽ എത്തിയതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 18-ാം നൂറ്റാണ്ടിൽ ജർമനിയിൽ നിന്നും സ്വിറ്റ്സർലൻഡിൽനിന്നും ജേക്കബ് അമാൻ എന്ന മത നേതാവിനൊപ്പം അമേരിക്കയിൽ കുടിയേറിയ പരമ്പരാഗത ക്രിസ്തുമത വിശ്വാസികളാണ് ആമിഷുകൾ. ഇന്ന് അമേരിക്കയിൽ ഏകദേശം മൂന്ന് ലക്ഷത്തിലധിം ആമിഷുകാറുണ്ട്. പെൻസിൽവാനിയയിലെ ലാൻകസ്റ്ററാണ് ഇവരുടെ പ്രധാന കേന്ദ്രം. ഇവിടുത്തുകാർ പുറംലോകവുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. കൃഷിയാണ് ഇവരുടെ പ്രധാന വരുമാന മാർഗം.
ആധുനിക സാങ്കേതിക വിദ്യകൾ കളംവാഴുന്ന ഈ കാലത്തും ലളിതമായ ജീവിതരീതിയാണ് ഇവരുടെ പ്രത്യേകത. സമീപകാലത്ത് ചെറിയ വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടെങ്കിലും ആമിഷുകാർ വൈദ്യുതി ഉപയോഗിക്കുന്നില്ല. പകരം, സോളാർ പാനലും വിൻഡ് മില്ലും ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ, റേഡിയോ തുടങ്ങിയവയൊന്നും ആമിഷുകാർ ഉപയോഗിക്കുന്നില്ല. ശൈത്യകാലത്ത് വീട്ടിനുള്ളിൽ ചൂട് നിലനിർത്തുന്നതിനായി പ്രകൃതി വാതകം ഉപയോഗിക്കും. കൃഷിയിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല. നിലം ഉഴുന്നതും വളം ഇടുന്നതും വിളവെടുക്കുന്നതും മെതിക്കുന്നതുമെല്ലാം യന്ത്രസഹായം കൂടാതെയാണ്.
സാങ്കേതിക വിദ്യകളോട് പൂർണമായും എതിർപ്പു കൽപ്പിക്കുന്നില്ല. എന്നാൽ അതിനോട് അടിമപ്പെടരുതെന്ന് ഉത്തരവ് പാലിക്കണം. ആമിഷുകാർ ഫോട്ടോ എടുക്കാൻ ഫോട്ടോക്ക് പോസ് ചെയ്യാനോ ഇഷ്ടപ്പെടുന്നവരല്ല. അതുകൊണ്ടുതന്നെ അവരുടെ ദൃശ്യങ്ങൾ പകർത്താൻ അനുവാദം ഇല്ല. അതോടൊപ്പം തന്നെ ആമിഷ് വീടുകളിൽ പുറമെ നിന്നുള്ളവർക്ക് പ്രവേശനമില്ല. എന്നാൽ ആമിഷ് വില്ലേജിന്റെ കാഴ്ചകൾ കാണാനായി എത്തുന്നവർക്കായി ആമിഷ് വില്ലേജ് എന്ന വിനോദസഞ്ചാര കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അവിടെ ആമിഷുകാരുടെ ജീവിതത്തിന്റെ നേർക്കാഴ്ച നമുക്ക് കാണാനാകും.
ആമിഷുകാരുടെ വിദ്യഭ്യാസ രീതിയും ഏറെ കൗതുകം നിറഞ്ഞതാണ്. എട്ടാം ക്ലാസ് വരെയാണ് ഇവിടെയുള്ള കുട്ടികൾ പഠിക്കുന്നത്. അതിനായി ആമിഷ് വില്ലേജിൽ ചർച്ചിന്റെ കീഴിലുള്ള പ്രത്യേക സ്കൂളുമുണ്ട്. എഴുത്തും വായനയും അത്യാവശ്യം ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കും. കൂടാതെ മതനിയമങ്ങളും ജീവിതരീതിയുമാണ് ഇവിടെ പ്രധാനമായും പഠിപ്പിക്കുക. 14-ാം വയസിൽ പഠനം നിർത്താനുള്ള അവരുടെ ആവശ്യം മൗലികാവകാശമായി പരിഗണിച്ച് അമേരിക്കൻ സുപ്രീം കോടതി അവരെ പിന്തുണച്ചു.
പുരുഷന്മാർ മീശ വയ്ക്കുന്നതും ബെൽറ്റ് ഉപയോഗിക്കാനും പാടില്ല. എന്നാൽ വിവാഹിതരായ പുരുഷന്മാർ താടി വളർത്തണം. ബെൽറ്റ് ഉപയോഗിക്കാത്തതുകൊണ്ട് വള്ളിക്കാലുറകളും വെളുത്ത ഫുൾ സ്ലീവ് ഷർട്ടുമാണ് പുരുഷൻമാരുടെ വേഷം. സ്ത്രീകൾ ശരീരഭാഗങ്ങൾ അധികം പുറത്തുകാണിക്കാത്ത പാരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കുക. മുടി ഒതുക്കിക്കെട്ടി വെളുത്ത തൊപ്പികൊണ്ട് മൂടും. ആഭരണങ്ങൾ ധരിക്കുന്ന പതിവും ഇല്ല. അതോടൊപ്പം തന്നെ ആമിഷുകാർ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. എന്നാൽ വിശേഷസമയങ്ങളിൽ അവർ പ്രത്യേകം തയ്യാറാക്കിയ വൈൻ ഉപയോഗിക്കാറുണ്ട്.
Read Also : ആളുകൾ ഉപേക്ഷിച്ച പുസ്തകങ്ങൾകൊണ്ട് ലൈബ്രറി ഒരുക്കി മാലിന്യ ശേഖരണ തൊഴിലാളികൾ
കൗമാരപ്രായത്തിലുള്ള കുട്ടികളെ പുറംലോകത്ത് മറ്റു കുട്ടികളുടെ കൂടെ ജീവിക്കാൻവിടുന്ന രീതിയും ആമിഷുകാർക്കിടയിലുണ്ട്. റാംസ്പ്രിംഗ എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. സ്കൂൾ പഠനം കഴിഞ്ഞ് 14 വയസ് മുതൽ രണ്ട് വർഷത്തോളം ആമിഷ് സമൂഹത്തിന്റെ വിലക്കുകളും നിയന്ത്രണങ്ങളും ഇല്ലാതെ അവർക്ക് ജീവിക്കാം. തിരിച്ചുവന്നശേഷം ആമിഷായി തുടരണോ അതോ പുറത്തുപോയി സാധാരണ ജീവിക്കണോ എന്ന് അവർക്ക് തീരുമാനിക്കാം. ബഹുഭൂരിപക്ഷം കുട്ടികളും ആമിഷ് ആയി തുടരുന്നു എന്നതാണ് അതിൽ ഏറെ കൗതുകമായ കാര്യം. ആർക്കെങ്കിലും പുറത്തുപോയി മറ്റുള്ള ആളുകളെ പോലെ ജീവിക്കണമെന്ന് തോന്നിയാൽ അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ പിന്നീട് ആമിഷ് സമൂഹത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഇല്ലെന്നു മാത്രം.
Story highlights : History of the Amish community in America