ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

March 18, 2019

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു. 63 വയസായിരുന്നു. പനാജിയിലെ വസതിയിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. അര്‍‍ബുദബാധയെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രി സഭയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

മനോഹർ പരീക്കറുടെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാന മന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു. സംസ്കാരം തിങ്കളാഴ്‌ച വൈകിട്ട് നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്.

പരീക്കറുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പാൻക്രിയാസിലെ അർബുദ രോഗത്തെ തുടര്‍ന്ന് പരീക്കര്‍ ചികിത്സയിൽ പ്രവേശിക്കുന്നത്.

2014-17 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. ഗോവയിലെ മാപുസയിൽ ജനിച്ച പരീക്കർ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തനത്തിൽ എത്തുന്നത്. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിംങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 1994 ലാണ് ആദ്യമായി ഗോവ നിയമസഭയിലേക്ക് പരീക്കർ തെരഞ്ഞെടുക്കുന്നത്. 1999 ൽ ഗോവയുടെ പ്രതിപക്ഷ നേതാവായി. 2000 ഓക്ടോബറിലാണ് പരീക്കർ ആദ്യമായി ഗോവ മുഖ്യമന്ത്രിയാകുന്നത്. 2005, 2012, 2017 എന്നീ വർഷങ്ങളിൽ വീണ്ടും മുഖ്യമന്ത്രിയായി. ഐഐടി പശ്ചാത്തലമുള്ള രാജ്യത്തെ ആദ്യ എംഎൽഎ ആയിരുന്നു അദ്ദേഹം.